ബംഗാളി പുതുവർഷദിനത്തിൽ ഇന്ത്യൻ എക്സ്‌പ്രസ്സ് ഗ്രൂപ്പിൽ നിന്നും ബംഗാളി ഭാഷയിൽ പുതിയ സൈറ്റ് ആരംഭിക്കുന്നു – ഐഇ ബംഗ്ലാ ഡോട്ട് കോം (ieBangla.com). 2017ൽ ആരംഭിച്ച ഐഇ മലയാളം (ieMalayalam.com), ഐഇ തമിഴ് (ieTamil.com)എന്നിവയുടെ വിജയത്തെ തുടർന്നാണ് മൂന്നാത് ഭാഷാ സൈറ്റായ ബംഗാളി ഇന്ത്യൻ എക്സ്‌പ്രസ്സ് ഡിജിറ്റൽ ചുവടു വയ്ക്കുന്നത്.
ആഴവും പരപ്പുമുള്ള രാഷ്ട്രീയ അഭിപ്രായങ്ങളും വിശകലനങ്ങളും, ടെക്നോളജി, വിനോദം, കായിക രംഗം എന്നിവയ്ക് പ്രാധാന്യം നൽകുന്നതാവും ഐഇ ബംഗ്ലാ ഡോട്ട് കോം. ഉന്നതമായ രാഷ്ട്രീയ ബോധ്യങ്ങളുളള, സൂക്ഷ്മബുദ്ധികളായ ബംഗാളി വായനക്കാരെ അഭിസംബോധന ചെയ്യുന്ന തരത്തിൽ ഉൾക്കാഴ്ചയുളളതും വ്യത്യസ്തതമായതുമായ ഉളളടക്കമാണ് ഐഇ ബംഗ്ലാ ഡോട്ട് കോം ലക്ഷ്യമിടുന്നത്.
“ലോകമെമ്പാടുമുള്ള ബംഗാളി സമൂഹത്തിനു വേണ്ടി അവരുടെ ഭാഷയില്‍ ഐഇ ബംഗ്ലാ ആരംഭിക്കുന്നതില്‍ ഇന്ത്യന്‍ എക്സ്പ്രസ്സ് ഗ്രൂപ്പ് അതീവ സന്തുഷ്ടരാണെന്ന്”, ഇന്ത്യൻ എക്സ്‌പ്രസ് ഡിജിറ്റൽ സി ഇ ഒ ദുർഗ രഘുനാഥ് പറഞ്ഞു. ബംഗാളി സമൂഹവുമായി ചേർന്നു നിന്നുകൊണ്ട് ബംഗാളിയിൽ പുതിയ ഒരു വായനാ ഭാവുകത്വം സൃഷ്ടിക്കാനാണ് ശ്രമമെന്നും അവര്‍ കൂട്ടിചേര്‍ത്തു.
ഐഇ ബംഗ്ലാ ഡോട്ട് കോം സൈറ്റ്: https://bengali.indianexpress.com/
ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിൽ നിന്നും വാർത്തകളും അവലോകനങ്ങളും ഉൾപ്പെടുത്തുന്ന ഈ സൈറ്റ് കൊൽക്കത്ത കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തിക്കുക.
ലോകസത്ത ഡോട്ട് കോമും, ജനസത്ത ഡോട്ട് കോമും, ദ് ഇന്ത്യൻ എക്സ്‌പ്രസ്സ് ഗ്രൂപ്പിൽ നിന്നുളള ഭാഷാ രംഗത്തെ സജീവ സാന്നിദ്ധ്യമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ മറാഠി, ഹിന്ദി ഭാഷകളിൽ വളരെ വലിയ വളർച്ചാ നിരക്കാണ് ഈ പ്രസിദ്ധീകരണങ്ങൾ നേടിയെടുത്തത്. ഇൻയൂത്ത്. കോം (inuth.com) എന്ന വിഡിയോ ഉളളടക്കത്തിന് പ്രാധാന്യമുളള സൈറ്റ് യുവതലമുറയ്ക്കായി 2016 മുതൽ സജീവമാണ്.
രാജ്യത്തെ ഡിജിറ്റൽ വാർത്താ രംഗത്തെ മുൻനിര പ്രസിദ്ധീകരണമാണ് ദി ഇന്ത്യൻ എക്സ്‌പ്രസ്സ് ഗ്രൂപ്പ് . ദ് ഇന്ത്യൻ എക്സ്‌പ്രസ്സ് ഡോട്ട് കോം (indianexpress.com) രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇംഗ്ലീഷ് ന്യൂസ് പേപ്പർ സൈറ്റാണ്. സാമ്പത്തിക ന്യൂസ് പോർട്ടലിൽ ഫിനാൻഷ്യൽ എക്സ്പ്രസ്സ് ഡോട്ട് കോം (financialexpress.com) ഈ രംഗത്തെ രാജ്യത്തെ രണ്ടാമത്തെ വലിയ സൈറ്റാണ്. മറാഠി ഭാഷയിലെ ഏറ്റവും വലിയ രണ്ടാമത്ത ന്യൂസ് സൈറ്റായ ലോക് സത്ത ഡോട്ട് കോം (loksatta.com) ദ് ഇന്ത്യൻ എക്സ്‌പ്രസ് ഗ്രൂപ്പിൽ നിന്നുളളതാണ്.