ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും ട്രോളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്ത്യന്‍ റെയില്‍വേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന സിഎജി റിപ്പോര്‍ട്ട് പരാമര്‍ശിച്ചാണ് പ്രിയങ്ക ഗാന്ധി ബിജെപിക്കെതിരെ രംഗത്തുവന്നത്. എന്തും വില്‍ക്കാന്‍ മിടുക്കുള്ളവരാണ് ബിജെപിയെന്നും പുതിയതായി ഒന്നും നിര്‍മിക്കാന്‍ അവര്‍ക്ക് അറിയില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

”ഇന്ത്യന്‍ റെയില്‍വേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.  മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളെ വില്‍ക്കുന്ന പോലെ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ റെയില്‍വേയേയും വില്‍ക്കും. എന്തും വില്‍ക്കുന്നതില്‍ മിടുക്കുള്ളവരാണ് ബിജെപി. അവർക്ക് പുതിയതായി ഒന്നും നിർമിക്കാൻ സാധിക്കില്ല. ഇന്ത്യൻ റെയിൽവേയെ ഇങ്ങനെയൊരു അവസ്ഥയിലേക്ക് എത്തിച്ചത് ബിജെപിയാണ്” പ്രിയങ്ക ഗാന്ധി പറഞ്ഞു.

Read Also: ഓണ്‍ലൈന്‍ കോണ്ടം വില്‍പന: മുന്‍നിരക്കാരുടെ പട്ടികയില്‍ എറണാകുളവും മലപ്പുറവും

രാജ്യത്തെ സാമ്പത്തികാവസ്ഥ മോശമാണെന്ന റിപ്പോർട്ടിൽ പ്രതികരണവുമായി മുൻ ധനകാര്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരവും രംഗത്തെത്തി. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ ദൈവം തന്നെ രക്ഷിക്കട്ടെയെന്ന് ചിദംബരം പറഞ്ഞു. ഐഎൻ‌എക്‌സ് മീഡിയ കേസിൽ അറസ്റ്റിലായ ചിദംബരം ഇപ്പോൾ തിഹാർ ജയിലിലാണ്.

അതേസമയം, രാജ്യത്തെ ജിഡിപി വളർച്ചാ നിരക്ക് കുറഞ്ഞതിൽ വിചിത്ര വിശദീകരണവുമായി ബിജെപി എംപി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.  ഭാവിയില്‍ ജിഡിപിക്ക് വലിയ പ്രസക്തിയൊന്നുമില്ലെന്ന് ബിജെപി എംപി നിശികാന്ത് ദൂബെ ലോക്‌സഭയിൽ പറഞ്ഞു. രാജ്യത്തെ സാമ്പത്തികാവസ്ഥയെ നിര്‍വചിക്കാന്‍ ജിഡിപി നിരക്ക് കൊണ്ട് സാധിക്കില്ലെന്നാണ് ബിജെപി എംപിയുടെ വാദം. “1934 ന് ശേഷമാണ് ജിഡിപിയുണ്ടാകുന്നത്. അതിനു മുന്‍പ് ഇവിടെ ജിഡിപിയില്ല. അതുകൊണ്ട് ജിഡിപി എന്ന് പറയുന്നത് ബൈബിളോ രാമായണമോ മഹാഭാരതമോ അല്ല. ഭാവിയില്‍ ജിഡിപി അധികം ഉപയോഗിക്കേണ്ടി വരില്ല. അതിന്റെ പ്രസക്തി കുറയും” നിശികാന്ത് ദൂബെ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook