കൊൽക്കത്ത: ഇന്ത്യൻ സമ്പദ് വ്യവസ്ഥ ദുർബലാവസ്ഥയിലാണെന്ന് നോബേൽ പുരസ്കാര ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ അഭിജിത് ബാനർജി. ഇന്ത്യൻ സാമ്പത്തികരംഗം പഴയരീതിയിലേക്ക് അടുത്തൊന്നും മടങ്ങിവരുമെന്ന ഉറപ്പ് പുറത്തുവന്നിരിക്കുന്ന വിവരങ്ങളിൽനിന്നു ലഭിക്കുന്നില്ലെന്ന് ഇന്ത്യൻ വംശജൻ  കൂടിയായ അഭിജിത് ബാനർജി  പറഞ്ഞു.

“ഇന്ത്യൻ സമ്പദ് വ്യവസ്ഥ ദുർബലമായ അവസ്ഥയിലാണ്. സാമ്പത്തിക വളർച്ച സംബന്ധിച്ച പുതിയ വിവരങ്ങൾ പരിശോധിക്കുമ്പോൾ ഇക്കാര്യം വ്യക്തമാണ്. കഴിഞ്ഞ അഞ്ച് ആറു വർഷമായി ചെറിയതോതിലെങ്കിലുമുള്ള വളർച്ചയെങ്കിലും കാണാമായിരുന്നു. ഇപ്പോൾ അതും നഷ്ടപ്പെട്ടിരിക്കുന്നു,” അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ അഭിജിത് ബാനർജി പറഞ്ഞു.

Read Also: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ഇന്ത്യക്കാരനടക്കം മൂന്നു പേർക്ക്

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരത്തിന്  അർഹനായതിനു പിന്നാലെയാണ്  ഇന്ത്യൻ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള നിർണായക നിരീക്ഷണം അഭിജിത് ബാനർജി നടത്തിയത്. നൊബേൽ പുരസ്കാരം അഭിജിത് ഉൾപ്പടെ മൂന്നുപേർ പങ്കിടുകയായിരുന്നു. അഭിജിത് ബാനർജിക്കു പുറമെ ഭാര്യ എസ്തര്‍ ഡുഫ്‌ലൂ, മൈക്കല്‍ ക്രെമര്‍ എന്നിവരാണ് ഇത്തവണ പുരസ്കാരത്തിന് അർഹരായത്. ആഗോള ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്.

Read Also: ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ആറു ശതമാനമായി കുറയുമെന്ന് ലോക ബാങ്ക്

ഇവരുടെ ഗവേഷണം ആഗോള തലത്തിൽ ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള നമ്മുടെ കഴിവിനെ മെച്ചപ്പെടുത്തിയെന്നാണു നൊബേല്‍ അക്കാദമിയുടെ നിരീക്ഷണം. വെറും രണ്ട് പതിറ്റാണ്ടിനുള്ളില്‍, അവരുടെ പുതിയ പരീക്ഷണാധിഷ്ഠിത സമീപനം വികസന സാമ്പത്തിക ശാസ്ത്രത്തെ മാറ്റിമറിച്ചുവെന്നും ഗവേഷണത്തിന്റെ പുതിയ തലങ്ങളിലേക്ക് നയിച്ചുവെന്നും നൊബേല്‍ അക്കാദമി വിലയിരുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook