ന്യൂഡല്‍ഹി: ഏപ്രിലില്‍ ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച 6.5 ശതമാനമായി കുറയുമെന്നു സാമ്പത്തിക സര്‍വേ. എന്നാല്‍, ലോകം അഭിമുഖീകരിച്ച അസാധാരണമായ വെല്ലുവിളികളെ നേരിടുന്നതില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി തുടരുമെന്നും സര്‍വേ പറയുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ (2022-2023) ഏഴു ശതമാനമായിരിക്കും ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജി ഡി പി) വളര്‍ച്ച. തൊട്ടു മുന്‍വര്‍ഷം 8.7 ശതമാനമായിരുന്നു വളര്‍ച്ച.
യൂറോപ്പിലെ നീണ്ടുനില്‍ക്കുന്ന യുദ്ധം മൂലമുള്ള കടുത്ത സാമ്പത്തിക സ്ഥിതിയുടെയും വിതരണ ശൃംഖലയിലെ തടസങ്ങളുടെയും സാഹചര്യത്തില്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ ഇന്ത്യയും അസാധാരണമായ വെല്ലുവിളികള്‍ നേരിട്ടു. എന്നാല്‍ മിക്ക സമ്പദ്വ്യവസ്ഥകളേക്കാളും നന്നായി ഈ സാഹചര്യത്തെ ഇന്ത്യ അതിജീവിച്ചതായി വാര്‍ഷിക രേഖ പറയുന്നു.
പി പി പി (പര്‍ച്ചേസിങ് പവര്‍ പാരിറ്റി) വ്യവസ്ഥകള്‍ പ്രകാരം ഇന്ത്യ ലോകത്തിലെ മൂന്നാമത്തെയും വിനിമയ നിരക്കിന്റെ കാര്യത്തില്‍ അഞ്ചാമത്തെയും വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സര്‍വേ പറയുന്നു.
”സമ്പദ്വ്യവസ്ഥയിലെ നഷ്ടം ഏകദേശം തിരിച്ചുപിടിച്ചു, താല്‍ക്കാലികമായി നിര്‍ത്തിയവ പുനരാരംഭിച്ചു. കോവിഡ് സമയത്തും യൂറോപ്പിലെ സംഘര്‍ഷത്തിനുശേഷവും മന്ദഗതിയിലായത് വീണ്ടും ഊര്‍ജിതമാക്കി,” സര്‍വേ പറയുന്നു.
പണപ്പെരുപ്പം വളരെ ആശങ്കാജനകമല്ലെന്നാണു സര്‍വേ സൂചിപ്പിക്കുന്നതെങ്കിലും പണപ്പെരുപ്പം മുറുകുന്നതു നീണ്ടുനില്‍ക്കുന്നതിനാല്‍ കടമെടുക്കല്‍ ചെലവ് ‘കൂടുതല്‍’ തുടരാന്‍ സാധ്യതയുണ്ട്.
കോവിഡില്‍നിന്ന് ഇന്ത്യ കരകയറിയതു താരതമ്യേന വേഗത്തിലായിരുന്നു. ശക്തമായ ആഭ്യന്തര ഡിമാന്‍ഡ് വളര്‍ച്ചയെ പിന്തുണയ്ക്കും. മൂലധന നിക്ഷേപം ഉയര്‍ത്തും സര്‍വേ പറയുന്നു. എന്നാല്‍ യുഎസ് ഫെഡ് കൂടുതല്‍ പലിശ നിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യത രൂപയ്ക്കു വെല്ലുവിളയായി ചൂണ്ടിക്കാട്ടുന്നു.