ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഉല്‍പ്പാദന മേഖലയിലെ മോശം പ്രകടനം സാമ്പത്തിക മാന്ദ്യത്തിലേക്കു നയിച്ചേക്കുമെന്നു പ്രവചനം. 2022-23 ലെ വളര്‍ച്ചാ പ്രവചനം ഏഴു ശതമാനത്തിലേക്കു താഴ്ന്നേക്കുമെന്നും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍ എസ് ഒ) കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ സാമ്പത്തിക വര്‍ഷം 8.7 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്.
അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയെന്ന ഇന്ത്യയ്ക്കുള്ള വിശേഷണം നഷ്ടപ്പെടുന്ന തരത്തിലുള്ളതാണ് എന്‍ എസ് ഒയുടെ പുതിയ പ്രവചനങ്ങള്‍. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 8-8.5 ശതമാനം വളര്‍ച്ചയാണു കേന്ദ്രസര്‍ക്കാര്‍ നേരത്തെ പ്രവചിച്ചത്. ഇതിനേക്കാള്‍ കുറവായ നിരക്കാണ് എന്‍ എസ് ഒയുടെ ഇപ്പോഴത്തെ അനുമാനം. എന്നാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര് ബി ഐ) പ്രവചിച്ച 6.8 ശതമാനമെന്ന നിരക്കിനേക്കാള്‍ മുകളിലാണിതെന്നതു ശ്രദ്ധേയമാണ്.
ഐന്‍ എസ് ഒയുടെ അനുമാനം യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യയുടെ ജി ഡി പി വളര്‍ച്ച സൗദി അറേബ്യ പ്രതീക്ഷിക്കുന്ന 7.6 ശതമാനത്തിനേക്കാള്‍ കുറവായിരിക്കും.
2022 സാമ്പത്തിക വര്‍ഷത്തില്‍ 9.9 ശതമാനമായിരുന്നു ഉല്‍പ്പാദനമേഖലയിലെ വളര്‍ച്ച. അതില്‍നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷം ഉല്‍പ്പാദനം 1.6 ശതമാനമായി കുറയുമെന്നാണ് എന്‍ എസ് ഒ പ്രതീക്ഷിക്കുന്നത്.
ആഗോളതത്തിലെ പ്രതികൂല സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം, നടപ്പ് സാമ്പത്തിക വര്‍ഷത്തെ രാജ്യത്തിന്റെ ജി ഡി പി വളര്‍ച്ചാ പ്രവചനം ഏഴ് ശതമാനത്തില്‍നിന്ന് 6.8 ശതമാനമായി ആര് ബി ഐ ഡിസംബറില്‍ കുറച്ചിരുന്നു.