ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് പൂനെയിലെ സെറം ഇൻസ്റ്റിറ്റ‌്യൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന്റെ നോട്ടീസ്. ഓക്സ്ഫോർഡ്-അസ്ട്രസെനേക വാക്‌സിന്റെ പരീക്ഷണം മറ്റുരാജ്യങ്ങള്‍ നിര്‍ത്തിവച്ചകാര്യം ഡ്രഗ്‌സ് കണ്‍ട്രോളറെ അറിയിക്കാതിരുന്നതിനെ തുടര്‍ന്നാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പരീക്ഷണത്തിന് വിധേയരായവരിൽ ഒരാൾക്ക് അജ്ഞാത രോഗം പിടിപെട്ടതിനെ തുടർന്നാണ് പരീക്ഷണം നിർത്തിവച്ചത്.

മറ്റ് രാജ്യങ്ങൾ നിർത്തിവച്ചിട്ടും എന്തുകൊണ്ടാണ് സെറം ഇൻസ്റ്റിറ്റ‌്യൂട്ട് പരീക്ഷണങ്ങളുമായി മുന്നേറുന്നതെന്നും യുഎസിലെ രോഗിയെക്കുറിച്ച് വിശദമായ റിപ്പോർട്ട് അയയ്ക്കാത്തതെന്താണെന്നും ഡ്രഗ്സ് റെഗുലേറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ അറിയിപ്പിൽ ചോദ്യം ചെയ്തു.

Read More: Covid-19 vaccine tracker, Sept 9: സുരക്ഷ പ്രധാനം; തിരക്കുപിടിച്ച് കോവിഡ് വാക്സിൻ ഇറക്കില്ലെന്ന് കമ്പനികൾ

അമേരിക്കയില്‍ മരുന്നു പരീക്ഷണം നിര്‍ത്തിയത് താത്കാലികമാണെന്നും ഇന്ത്യയില്‍ പരീക്ഷണം തുടരുമെന്നുമാണ് പൂനെ സെറം ഇൻസ്റ്റിറ്റ‌്യൂട്ട് നിലപാടെടുത്തിരുന്നത്. ഇന്ത്യയിലെ പരീക്ഷണങ്ങള്‍ക്കിടെ പ്രശ്‌നങ്ങളൊന്നും കാണാത്തതിനാല്‍ മുന്നോട്ടുപോകുമെന്നാണ് അവര്‍ വ്യക്തമാക്കിയിരുന്നത്.

അസ്ട്രസെനേകയുമായി ചേർന്ന് വികസിപ്പിച്ച വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് അമേരിക്കയിൽ നിർത്തിവച്ചത്. വാക്സിൻ കുത്തിവെച്ച വൊളന്റിയർമാരിൽ ഒരാൾക്ക് അജ്ഞാത രോഗം ബാധിച്ചതിനെ തുടർന്നാണ് കോവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണം നിര്‍ത്തിവെച്ചത്.

ഒരാൾക്ക് അജ്ഞാതമായ രോഗം വന്നതിനെ തുടർന്ന് കമ്പനിയുടെ വാക്സിൻ പരീക്ഷണങ്ങൾ താൽക്കാലികമായി നിർത്തിയതെന്ന് ആസ്ട്രാസെനെക പ്രസ്താവനയിൽ പറഞ്ഞിരുന്നു. പരീക്ഷണങ്ങളുടെ സമഗ്രത കാത്തുസൂക്ഷിക്കുന്നതിനിടയിൽ സുരക്ഷാ ഡാറ്റ പരിശോധിക്കാൻ ഗവേഷകർക്ക് സമയം നൽകാനാണ് ഈ നീക്കമെന്നും കമ്പനി അറിയിച്ചിരുന്നു.

മരുന്നിന്റെ പാര്‍ശ്വഫലമാണിതെന്ന സംശയമാണുള്ളത്. എന്നാല്‍ കേസിന്റെ സ്വഭാവമോ എപ്പോള്‍ സംഭവിച്ചുവെന്നോ വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും ഇയാള്‍ വേഗത്തില്‍ സുഖംപ്രാപിക്കുമെന്നാണ് കരുതപ്പെടുന്നത്.

Read More: കുത്തിവച്ചയാൾക്ക് അജ്ഞാത രോഗം; ഓക്സ്ഫോർഡ് കോവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു

ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർക്കൊപ്പം അസ്ട്രസെനെക്ക വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്സിൻ വിപണിയിലെത്തുന്ന മുൻനിര വാക്സിനുകളിൽ ഒന്നായാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ പരീക്ഷണം നിലച്ചതിൽ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്രസെനെക അറിയിച്ചിട്ടുണ്ട്. പാർശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരും. പരീക്ഷണത്തിൽ പങ്കെടുക്കുന്ന സന്നദ്ധപ്രവർത്തകരുടെ സുരക്ഷ പ്രധാനമാണെന്നും കമ്പനി വിശദീകരിച്ചു.

ജൂലായ് 20-നാണ് ഓക്സ്ഫോർഡ് സര്‍വകലാശാല കോവിഡ് 19 വാക്സിന്‍ വികസിപ്പിച്ചെടുത്തത്. 2021 ജനുവരിയോടെ വാക്‌സിന്‍ വിപണിയില്‍ എത്തുമെന്നായിരുന്നു വിലയിരുത്തല്‍. ഇത് രണ്ടാം തവണയാണ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെയ്ക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook