ന്യൂഡൽഹി: കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ, സുരക്ഷാ സാമഗ്രികളുടെ കുറവ് മൂലം രാജ്യത്ത് പലയിടത്തും ഡോക്ടര്‍മാര്‍ മഴക്കോട്ടുകളും, ഹെല്‍മെറ്റുകളും ആണ് സുരക്ഷയ്ക്കായി ഉപയോഗിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് ഇതുവരെ 1251 പേര്‍ക്കാണ് കോവിഡ്-19 ബാധിച്ചിരിക്കുന്നത്. ഇതില്‍ 32 പേര്‍ രോഗം ബാധിച്ച് മരിച്ചു.

ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ, പ്രധാനമായും സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന 4,7000 ആംബുലൻസ് ഡ്രൈവർമാർ ചൊവ്വാഴ്ച പണിമുടക്കി. ശരിയായ സുരക്ഷാ ഉപകരണങ്ങളും ആരോഗ്യ ഇൻഷുറൻസും ആവശ്യപ്പെട്ടായിരുന്നു പണിമുടക്ക്.

Read More: കോവിഡ് ചികിത്സയിലെ അപൂർവ അധ്യായമാണിത്; കോട്ടയത്ത് വൃദ്ധദമ്പതികളെ ചികിത്സിച്ച ഡോക്ടർ

രാജ്യത്ത് സുരക്ഷാ സാമഗ്രികളുടെ അപര്യാപ്തത മൂലം ചൈനയില്‍ നിന്നും ദക്ഷിണകൊറിയയില്‍ നിന്നും വ്യക്തി സംരക്ഷണ സുരക്ഷാ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ശ്രമിക്കുന്നതായി മോദി സർക്കാർ പറഞ്ഞിരുന്നു. ചിലയിടങ്ങളിലെ ഡോക്ടര്‍മാര്‍ സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങാനായി പരസ്പരം ധനസമാഹരണം തുടങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കിഴക്കന്‍ ഹരിയാനയിലെ ഇഎസ്ഐ ആശുപത്രിയിലെ ഡോ. സന്ദീപ് ഗര്‍ഗ് താന്‍ ബൈക്കിന്റെ ഹെല്‍മെറ്റാണ് സുരക്ഷയ്ക്കായി ഉപയോഗിക്കുന്നതെന്നാണ് പറയുന്നത്. വൈറസ് പകര്‍ച്ച തടയുന്ന N95 മാസ്ക്കുകള്‍ ലഭ്യമല്ലാത്തിനാലാണ് ബൈക്ക് ഹെല്‍മെറ്റ് ഉപയോഗിക്കുന്നത്.

‘ഞാന്‍ ഹെല്‍മെറ്റാണ് ധരിക്കുന്നത്. അത് എന്റെ മുഖത്തെ മൂടുന്നു. ഒപ്പം ഒരു സര്‍ജിക്കല്‍ മാസ്‌ക്കും ധരിക്കും,’ ഡോ. ഗാര്‍ഗ് പറഞ്ഞു. നിരവധി ഡോക്ടര്‍മാര്‍ മതിയായ സുരക്ഷാ സാമഗ്രികളില്ലാതെ രോഗികളെ ചികിത്സിക്കില്ലെന്ന് പറയുന്നുണ്ട്.

കൊല്‍ക്കത്തയിലെ ബെലെഘട്ട ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാക്ക് നല്‍കിയത് പ്ലാസ്റ്റിക്കിന്റെ മഴക്കോട്ടുകളാണ്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത രണ്ട് ഡോക്ടര്‍മാരെ ഉദ്ധരിച്ചാണ് റോയിറ്റേഴ്‌സ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യങ്ങളോട് ഇന്ത്യൻ ആഭ്യന്തരമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook