കാൻസാസ്: യുഎസിലെ കാൻസാസിൽ ഇന്ത്യൻ വംശജനായ ഡോക്ടർ കുത്തേറ്റ് മരിച്ചു. മനോരോഗവിദഗ്ദ്ധനും നാല്‍ഗൊണ്ട സ്വദേശിയുമായ അച്ഛുത റെഡ്ഡിയാണ് (57) കൊല്ലപ്പെട്ടത്. സംഭവത്തിൽ 21 കാരനായ ഉമർ റാഷിദ് ദത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കാൻസാസിലെ റെഡ്ഡിയുടെ ക്ലിനിക്കിലാണ് അദ്ദേഹത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ നിരവധി തവണ കുത്തേറ്റിരുന്നു. ബുധനാഴച രാത്രി 7 മണിയോടെ എന്തോ ശബ്ദം കേട്ട് റെഡ്ഡിയുടെ ക്ലിനിക്കിലെ മാനേജർ എത്തിയപ്പോൾ ഉമർ അദ്ദേഹത്തെ കുത്താൻ ശ്രമിക്കുന്നതാണ് കണ്ടത്. ഉടൻ ഉമറിനെ പിടിച്ചുമാറ്റി റെഡ്ഡിയോട് ഓടി രക്ഷപ്പെടാൻ പറഞ്ഞു. പക്ഷേ അപ്പോഴേക്കും ഉമർ മാനേജറെ തളളിമാറ്റി റെഡ്ഡിയുടെ പുറകേ ഓടി ചെന്ന് അദ്ദേഹത്തെ കുത്തുകയായിരുന്നുവെന്ന് മാനേജർ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

സംഭവത്തിനുശേഷം ക്ലബിൽനിന്നാണ് ഉമറിനെ പിടികൂടിയത്. ഇയാൾ റെഡ്ഡിയുടെ കീഴില്‍ ചികിത്സയില്‍ കഴിയുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം, കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.

കാൻസാസിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജനാണ് അച്യുത റെഡ്ഡി. കഴിഞ്ഞ ഫെബ്രുവരിയിൽ ശ്രീനിവാസ് കുചിബോട്‍‌ല വെടിയേറ്റ് മരിച്ചിരുന്നു. ഇരുവരും തെലങ്കാന സ്വദേശികളാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ