വാഷിംഗ്ടണ്‍: യുനൈറ്റഡ് എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചതിന് ഇന്ത്യക്കാരനായ ഡോക്ടറെ അറസ്റ്റ് ചെയ്തു. സീറ്റലില്‍ വെച്ച് ജൂലൈ 23നാണ് സംഭവം നടന്നത്. ഉറങ്ങിക്കിടന്ന പതിനാറുകാരി ദേഹത്ത് ആരോ തടവുന്നതായി അനുഭവപ്പെട്ടാണ് ഞെട്ടിയുണര്‍ന്നതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിജയ്കുമാര്‍ കൃഷ്ണപ്പ എന്ന 28കാരനാണ് അറസ്റ്റിലായതെന്ന് ദേശീയമാധ്യമങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്. പെണ്‍കുട്ടി ഉണര്‍ന്നയുടനെ ഇയാള്‍ കൈ പിന്‍വലിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യം പെണ്‍കുട്ടി ഇത് കാര്യമാക്കിയില്ലെങ്കിലും വീണ്ടും ഇത് ആവര്‍ത്തിച്ചതായി പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. വിമാന ജീവനക്കാരെ പെണ്‍കുട്ടി ഉടനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മറ്റൊരു സീറ്റിലേക്ക് കൗമാരക്കാരിയെ മാറ്റി സംഭവം ഒതുക്കാനാണ് ശ്രമിച്ചത്. വിമാനം ന്യൂയോര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ഉടനെ പെണ്‍കുട്ടി മാതാപിതാക്കളോട് കാര്യം പറഞ്ഞു.

തുടര്‍ന്ന് ഇവര്‍ എയര്‍ലൈന്‍സിനെതിരേയും ഡോക്ടര്‍ക്കെതിരയേും പരാതി നല്‍കി. എഫ്ബിഐയുടെ അന്വേഷണത്തില്‍ ഡോക്ടറെ തിരിച്ചറിയുകയും സംഭവം നടന്നതിന്റെ പിറ്റേന്ന് തന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ താന്‍ നിരപരാധിയാണെന്ന് ഇയാള്‍ കോടതിയില്‍ വാദിച്ചു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ ലൈംഗികാതിക്രമത്തിന് ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ