ലക്‌നൗ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ അറസ്റ്റിലായി. ഷമിയുടെ വീട്ടിലെത്തി അതിക്രമം നടത്തിയതിന് പിന്നാലെയാണ് ഹസിന്‍ ജഹാനെ അമംറോഹ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.

ഞായറാഴ്ച രാത്രി സഹാസ്പൂര്‍ അലി നഗറിലെ ഷമിയുടെ വീട്ടിലെത്തിയ ഹസിന്‍ ഷമിയുടെ മാതാപിതാക്കളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. പിന്നാലെ ഹസിന്‍ മുറിയില്‍ കയറി അകത്തു നിന്നും കുറ്റിയിട്ടു. ഹസിനൊപ്പം കുട്ടിയുമുണ്ടായിരുന്നു.

ഹസിന്‍ പുറത്തിറങ്ങാന്‍ കൂട്ടാക്കാതെ വന്നതോടെ ഷമിയുടെ കുടുംബം പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് എത്തി രണ്ട് കൂട്ടരോടും സന്ധി സംഭാഷണം നടത്തിയെങ്കിലും ഹസിന്‍ പോകാന്‍ തയ്യാറായില്ല. ഇതോടെ പൊലീസ് അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

”ഞാന്‍ എന്റെ ഭര്‍ത്താവിന്റെ വീട്ടിലേക്കാണ് വന്നത്. ഇവിടെ താമസിക്കാനുള്ള എല്ലാ അവകാശവും എനിക്കുണ്ട്. എന്റെ ഭര്‍ത്താവിന്റെ കുടുംബം എന്നോട് മോശമായി പെരുമാറുകയാണ്. അവരേയും അറസ്റ്റ് ചെയ്യേണ്ടതായിരുന്നു. എന്നെ മാത്രം അറസ്റ്റ് ചെയ്യുകയായിരുന്നു” ഹസിന്‍ പറഞ്ഞു.

അതേസമയം, ഷമി ഐപിഎല്‍ ടീമായ കിങ്സ് ഇലവനൊപ്പമാണുള്ളത്. പരസ്ത്രീ ബന്ധവും ക്രിക്കറ്റിലെ ഒത്തുകളിയും അടക്കം നിരവധി ആരോപണങ്ങളും ഹസിന്‍ ജഹാന്‍ ഉന്നയിക്കുകയും സ്ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുകയുമായിരുന്നു. നിലവില്‍ ഷമിയുമായി അകന്നു കഴിയുകയാണ് മുന്‍ മോഡല്‍കൂടിയായ ഹസിന്‍.

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ ലൈംഗിക അതിക്രമത്തിനും സ്ത്രീധനം ആവശ്യപ്പെട്ട് അക്രമിച്ചതിനും കേസ് ചാര്‍ജ് ചെയ്തിരുന്നു. കൊല്‍ക്കത്ത പൊലീസാണ് താരത്തിനെതിരായ ചാര്‍ജ് ഷീറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ഐപിസി 498A, 354A എന്നിവ പ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ഭാര്യയ ഹസിന്‍ ജഹാന്റെ പരാതിയില്‍ മേല്‍ നടത്തിയ അന്വേഷണത്തിലാണ് ഷമിക്കെതിരെ പൊലീസ് കുറ്റം ചുമത്തി ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്.

ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും തന്നെ മര്‍ദ്ദിക്കുകയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നുമായിരുന്നു ഹസിന്റെ പരാതി. ഷമിയുടെ കുടുംബത്തിനെതിരേയും ഹസിന്‍ ആരോപണം ഉന്നയിച്ചിരുന്നു.

സമീപ കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച സംഭവമായിരുന്നു ഷമിക്കെതിരായ കേസ്. താരത്തിന്റെ കരിയര്‍ തന്നെ അവസാനിച്ചെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഷമിക്കെതിരെ വാതുവെപ്പ് ആരോപണവും ഹസിന്‍ നേരത്തെ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് ബിസിസിഐ അന്വേഷിക്കുകയും താരത്തിന് ക്ലിന്‍ ചിറ്റ് നല്‍കുകയുമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook