ന്യൂഡൽഹി: ലണ്ടനിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിനു സുരക്ഷ വർധിപ്പിച്ചു. ബിർമിങ്ഹാമിലെ ഹോട്ടലിലാണ് ഇന്ത്യൻ താരങ്ങൾ താമസിക്കുന്നത്. ഹോട്ടലിനു സമീപത്തു കൂടിയുളള ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തി. ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ന് ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടമാണ്. ബിർമിങ്ങാമിലെ എജ്ബാസ്റ്റൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ സമയം വൈകിട്ടു മൂന്നുമുതലാണ് മൽസരം. ഗ്രൗണ്ടിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

ഇന്നലെ അർധരാത്രിയോടെയാണ് ലണ്ടനിൽ ഭീകരാക്രമണം ഉണ്ടായത്. ലണ്ടൻ ബ്രിഡ്ജിൽ കാൽനടയാത്രക്കാർക്കുനേരെ തീവ്രവാദികൾ വാൻ ഓടിച്ചുകയറ്റുകയായിരുന്നു. അതിനുശേഷം വാനിൽനിന്നും ഇറങ്ങിയ മൂന്നു ഭീകരർ ജനങ്ങളെ കത്തി കൊണ്ട് ആക്രമിക്കാനും ശ്രമിച്ചു. മൂന്നു ഭീകരരെയും പൊലീസ് വെടിവച്ചു വീഴ്ത്തി. ആക്രമണത്തിൽ നിരവധിപേർക്ക് പരുക്കേറ്റിട്ടുമുണ്ട്.

രണ്ടാഴ്ചയ്ക്കിടെ ബ്രിട്ടനിലുണ്ടാകുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. നേരത്തെ മാഞ്ചസ്റ്ററിൽ സംഗീതനിശയ്ക്കിടെ ഉണ്ടായ ഭീകരാക്രമണത്തിൽ 22 പേരാണ് കൊല്ലപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ