ദുബായ്: കോവിഡ് പ്രതിസന്ധിയിൽ ദുബായിൽ നിന്ന് പ്രവാസികളായ ഇന്ത്യക്കാരെ കുടിയൊഴിപ്പിക്കുന്ന പശ്ചാത്തലത്തിൽ, പുതിയ തട്ടിപ്പുമായി ഇറങ്ങിയവരെക്കുറിച്ച് മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

“ചില തട്ടിപ്പുകാർ ഇന്ത്യയിലേക്കുള്ള യാത്രയുടെ പേരിൽ ഇന്ത്യൻ പൗരന്മാരെ വിളിക്കുകയും ബാങ്ക് വിശദാംശങ്ങളും ഒടിപിയും ശേഖരിക്കുകയും ചെയ്യുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. കോൺസുലേറ്റ് ഉദ്യോഗസ്ഥർ യാത്ര ചെയ്യേണ്ടവരുമായി ബന്ധപ്പെടുന്നുണ്ട്. എന്നാൽ ബാങ്ക് അല്ലെങ്കിൽ കാർഡ്(ഡെബിറ്റ്/ക്രെഡിറ്റ്) വിശദാംശങ്ങളും പേയ്‌മെന്റുകളും നേരിട്ട് വിമാനക്കമ്പനികൾക്ക് നൽകണമെന്ന് ഒരിക്കലും ആവശ്യപ്പെടില്ല.”

കോവിഡ്-19 രോഗവ്യപാനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികളെ തിരിച്ചെത്തുക്കുന്നതിന് ‘വന്ദേ ഭാരത്,’ സമുദ്ര സേതു ദൗത്യങ്ങൾക്ക് കേന്ദ്രസർക്കാർ രൂപം നൽകിയിരിക്കുകയാണ്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഈ മാസം 7 മുതൽ 13 വരെ 64 വിമാനങ്ങളിലായി പ്രവാസികളെ രാജ്യത്ത് തിരിച്ചെത്തിക്കും. 1990ൽ ഗൾഫ് യുദ്ധകാലത്ത് കുവൈത്തിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതിനു ശേഷം ഇതാദ്യമായാണ് സമാനമായ തരത്തിൽ ഇത്രയും വലിയൊരു പദ്ധതി ഇന്ത്യ ആവിഷ്കരിച്ച് നടപ്പാക്കാനൊരുങ്ങുന്നത്.

Read More: പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള പദ്ധതികൾ: അറിയേണ്ടതെല്ലാം

ആദ്യഘട്ടത്തിൽ യുഎഇയിൽ നിന്ന് 10 വിമാനങ്ങളിലായാണ് പ്രവാസികളെ തിരിച്ചെത്തിക്കുകഅഞ്ച് വീതം വിമാനങ്ങളിലായാണ് സൗദി അറേബ്യയിൽ നിന്നും സിംഗപ്പൂരിൽ നിന്നുമുള്ള പ്രവാസികളെ തിരിച്ചെത്തിക്കുക.

ഖത്തറിൽ നിന്ന് രണ്ട് വിമാനങ്ങളിലായും പ്രവാസികളെ തിരിച്ചെത്തിക്കും. ഒമാനിലേക്കും ബഹ്റൈനിലേക്കും രണ്ട് വീതം വിമാനങ്ങളും അയക്കും.

എയർ ഇന്ത്യയുടെയും, എയർ ഇന്ത്യ എക്സ്പ്രസിന്റെയും വിമാനങ്ങളാണ് പ്രവാസികളെ തിരിച്ചെത്തിക്കാനുപയോഗിക്കുക. യുഎഇയിൽ നിന്നാണ് കേരളത്തിലേക്കുള്ള ആദ്യ വിമാനങ്ങൾ. ഇതിൽ ആദ്യ വിമാനം വ്യാഴാഴ്ച അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തും. അന്നേ ദിവസം ദുബായിൽ നിന്ന് കോഴിക്കോട്ടേക്കാണ് രണ്ടാമത്തെ വിമാനം.

ബംഗ്ലാദേശിൽ നിന്നും മലേഷ്യയിൽ നിന്നും ഏഴ് വിമാനങ്ങളിലായും കുവൈത്തിൽ നിന്നും ഫിലിപ്പീൻസിൽ നിന്നും അഞ്ച് വിമാനങ്ങളിലായും പ്രവാസികളെ തിരിച്ചെത്തിക്കും. യുഎസിലേക്കും ബ്രിട്ടണിലേക്കും ആദ്യഘട്ടത്തിൽ 10 വീതം വിമാനങ്ങൾ അയക്കും.

Read More: കോവിഡ്-19: രോഗികളുടെ എണ്ണം 37 ലക്ഷം കടന്നു; മരണം 2.57 ലക്ഷം

15,000 രൂപയാണ് അബുദാബി, ദുബായ് വിമാനത്താവളങ്ങളിൽ നിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമുള്ള നിരക്ക്. ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്ക് 17,000 രൂപയും കോഴിക്കോട്ടേക്ക് 16,000 രൂപയും ഈടാക്കും. ദോഹയിൽ നിന്ന് കൊച്ചിയിലേക്ക് 16000 രൂപയും തിരുവനന്തപുരത്തേക്ക് 17,000 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

കുവൈത്തിൽ നിന്ന് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് 19,000 രൂപയാണ് ടിക്കറ്റ് നിരക്ക്. ധാക്കയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിന് 12,000 രൂപയാണ് ടിക്കറ്റ് നിരക്ക്. ക്വാലാലംപൂർ- കൊച്ചി വിമാനത്തിന് 15,000 രൂപയാണ് ടിക്കറ്റ് നിരക്ക്.

സിംഗപ്പൂർ- ബെംഗളൂരു (15,000), മസ്കറ്റ്-ചെന്നൈ (14,000), ക്വലാലംപൂർ- ചെന്നൈ (14,000), ദോഹ-ചെന്നൈ (15,000), ദുബായ്-ചെന്നൈ (15,000), ക്വലാലംപൂർ-തിരുച്ചിറപ്പള്ളി (15,000), എന്നിങ്ങനെയാണ് ദക്ഷിണേന്ത്യയിലെ മറ്റു വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകളുടെ ടിക്കറ്റ് നിരക്ക്. ലണ്ടനിൽ നിന്നുള്ള വിമാനങ്ങൾക്ക് 50,000 രൂപയാണ് ടിക്കറ്റ് നിരക്ക്. ധാക്കയിൽ നിന്ന് ഡൽഹിയിലേക്ക് 12,000 രൂപയും.

അതേസമയം ഗൾഫ് രാജ്യങ്ങളിൽ പതിനായിരത്തിലധികം ഇന്ത്യക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആശങ്കയുണർത്തുന്ന വാർത്തകളാണ് പുറത്തു വരുന്നത്. പ്രവാസികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള ദൗത്യം ആരംഭിക്കാനിരിക്കെയാണ് റിപ്പോർട്ട് പുറത്തുവരുന്നത്. ഇതുവരെ രോഗം ബാധിച്ച് 84 പേരാണ് മരിച്ചത്‌. ഇതിൽ കൂടുതലും മലയാളികളാണ്.

അതേസമയം ലോകത്ത് കോവിഡ് മരണം 2.57 ലക്ഷം പിന്നിട്ടു. ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 37.23 ലക്ഷം കവിഞ്ഞു. അതേസമയം 12.31 ലക്ഷം പേര്‍ രോഗമുക്തി നേടി. ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 578 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 6935 പേര്‍ക്കാണ് പുതിയതായി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഫ്രാന്‍സില്‍ മൂന്നോറോളം പേര്‍ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 25000 കവിഞ്ഞു. അമേരിക്കയിലെ കോവിഡ് കേസുകളുടെ എണ്ണം 12.37 ലക്ഷമായി. കൊറോണബാധിച്ച് മരിച്ചവരുടെ എണ്ണം എഴുപതിനായിരത്തിന് മുകളിലെത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook