പനാജി: ഇന്ത്യന്‍ ഭരണഘടന അപകടത്തിലാണെന്നും അതിനാല്‍ രാഷ്ട്രീയത്തില്‍ ഇടപടണമെന്നും കത്തോലിക്കാ വിശ്വാസികളോട് ആവശ്യപ്പെട്ട് ഗോവന്‍ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പെ നെരി ഫെറാവോയുടെ ഇടയലേഖനം. രാജ്യം ഏക സംസ്‌കാരത്തിന്റെ പിടിയില്‍ പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2019ലെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടണമെന്നും അതേസമയം തന്നെ സ്വന്തം ധാര്‍മിക ബോധം പിന്തുടരുകയും മോശം രാഷ്ട്രീയം ഒഴിവാക്കുകയും വേണമെന്നും അദ്ദേഹം വിശ്വാസികളോട് പറഞ്ഞു. അതിലൂടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും രാഷ്ട്രത്തിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

രാജ്യത്തെ ജനങ്ങളെ വികസനത്തിന്റെ പേരില്‍ അവരുടെ സ്വന്തം മണ്ണില്‍ നിന്നും പിഴുതു മാറ്റുകയാണെന്നും മനുഷ്യാവകാശങ്ങള്‍ ചവുട്ടി മെതിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ‘എന്ത് കഴിക്കണം, എന്ത് ധരിക്കണം, എന്തില്‍ വിശ്വസിക്കണമെന്നും പറയുന്ന ഒരു ഏക സംസ്‌കാരത്തിലേക്ക് മാറുകയാണ് രാജ്യം,’ അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ രാഷ്ട്രീയം കലുഷിതമായി മാറുകയാണെന്ന ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കോട്ടോയുടെ ഇടയലേഖനത്തിന് പിന്നാലെയാണ് ഗോവന്‍ ആര്‍ച്ച് ബിഷപ്പും ഇന്ത്യന്‍ സാഹചര്യങ്ങളെ പരാമര്‍ശിച്ചു കൊണ്ട് ഇടയലേഖനം ഇറക്കുന്നത്. ഡല്‍ഹി ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന വിവാദത്തിന് കാരണമായിരുന്നു. കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് അടക്കം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ഇതാദ്യമായാണ് ഗോവയിലെ കത്തോലിക്കാ സമൂഹത്തോട് തിരഞ്ഞെടപ്പിന് തയ്യാറാകാന്‍ ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെടുന്ന്. സംസ്ഥാനത്തെ ജനസംഖ്യയുടെ 25 ശതമാനവും കത്തോലിക്കരാണ്.

മതേതരത്വം, അഭിപ്രായ സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം, തുടങ്ങിയ ഭരണഘടന ഉറപ്പു വരുത്തുന്ന അവകാശങ്ങളെ സംരക്ഷിക്കാന്‍ വേണ്ടതു ചെയ്യാനും അത്തരം മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും കാത്തോലിക്കാ ബിഷപ്പുമാരുടെ ദേശീയ കോണ്‍ഫറന്‍സിന്റെ പ്ലീനറിയില്‍ തീരുമാനമായതായും ഇടയലേഖനത്തില്‍ പറയുന്നു. ഭരണഘടനയെ രക്ഷിക്കാന്‍ കഠിനമായി പരിശ്രമിക്കുന്നതിലാണ് ഇപ്പോള്‍ പ്രധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook