കാഡ്മണ്ഡു: എവറസ്റ്റ് കൊടുമുടി കീഴടക്കാന്‍ ഇറങ്ങിയ ഇന്ത്യന്‍ പര്‍വതാരോഹകനെ കാണാതായി. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ വിജയകരമായി എത്തിയതിന് പിന്നാലെയാണ് പര്‍വതാരോഹകനെ കാണാതായതെന്ന് നേപ്പാള്‍ അധികൃതര്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്നുള്ള രവികുമാറിനെയാണ് കാണാതായത്.
എവറസ്റ്റിന്റെ ഏറ്റവും അവസാനത്ത ദക്ഷിണ തലത്തില്‍ നിന്നും ഇറങ്ങുമ്പോഴുള്ള വിശ്രമ സ്ഥലത്ത് വെച്ചാണ് രവികുമാറിനെ കാണാതായത്. ഇന്നലെ ഉച്ചയോടെ 8,848 മീറ്റര്‍ ഉയരമുള്ള കൊടുമുടിക്ക് മുകളില്‍ രവി എത്തിയെന്നും ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ കാണാതായതെന്നും അരുണ്‍ ട്രക്ക്സിന്റെ മാനേജിംഗ് ഡയറക്ടര്‍ ചെവാംഗ് ഷെര്‍പ്പ വ്യക്തമാക്കി.
രവി കുമാറിന്റെ ഗൈഡായ വോംഗ്യാ ഷെര്‍പ്പയെ അബോധാവസ്ഥയിലാണ് കണ്ടെത്തിയിരുന്നത്. ഒരുമിച്ച് കയറിയ ഇരുവരും ഇറങ്ങുമ്പോള്‍ പരസ്പരം വേര്‍പ്പെട്ടതായാണ് സൂചന. രവികുമാറിനായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.