ന്യൂഡൽഹി: സിക്കിമിലെ നാകു ല അതിർത്തി മേഖലയിൽ ഇന്ത്യ- ചൈന ഏറ്റുമുട്ടൽ. കഴിഞ്ഞ മേയ് മുതൽ കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിൽ തുടർച്ചയായ ഏറ്റുമുട്ടൽ നടക്കുന്നതിനിടെയാണ് ഇപ്പോൾ സിക്കിം അതിർത്തിയിലും ഇരു രാജ്യങ്ങളുടെയും സേനകൾ തമ്മിൽ ഏറ്റുമുട്ടിയതായി വാർത്തകൾ പുറത്തുവരുന്നത്. ഈ മാസം 18നാണ് നാകു ലയിൽ ഇന്ത്യൻ-ചൈനീസ് സൈനികർ ഏറ്റുമുട്ടിയത്.
പരുക്കുകളുടെ വിശദാംശങ്ങൾ ഇതുവരെ ലഭ്യമല്ലെങ്കിലും, ഏറ്റുമുട്ടലിൽ ചില സൈനികർക്ക് നിസാര പരുക്കേറ്റതായി സൈനിക വൃത്തങ്ങൾ സൂചിപ്പിച്ചു. മേഖലയിൽ ഒരു ചൈനീസ് പട്രോളിങ് സംഘത്തെ ഇന്ത്യൻ സൈന്യം തടഞ്ഞതോടെയാണ് സംഘർഷമെന്നാണ് വിവരം.
“2021 ജനുവരി 20 ന് വടക്കൻ സിക്കിമിലെ നാകു ല പ്രദേശത്ത് ഒരു ചെറിയ സംഘർഷം ഉണ്ടായിരുന്നുവെന്ന് വ്യക്തമാണ്, അംഗീകൃതമായ പ്രോട്ടോക്കോളുകൾ പ്രകാരം പ്രാദേശിക കമാൻഡർമാർ ഇത് പരിഹരിച്ചു,” കരസേന ഒരു പ്രസ്താവനയിൽ പറഞ്ഞു.
Read More: ഒലിയെ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കി പ്രചണ്ഡ പക്ഷം
കഴിഞ്ഞ മേയ് മാസത്തിലും നാകു ലയിൽ സമാനമായ സംഘർഷമുണ്ടായിരുന്നു. സൈനികർ മേയ് തുടക്കത്തിൽ പാങ്കോംഗ് ത്സോയുടെ വടക്കൻ മേഖലയിൽ ഏറ്റുമുട്ടിയതിന് പിറകേയായിരുന്നു. കഴിഞ്ഞ വർഷം മേയ് ഒൻപതിനാണ് സൈനികർ തമ്മിൽ നാകു ലാ സെക്ടറിൽ സംഘർഷമുണ്ടായത്. അന്ന് ഇരുപക്ഷത്തെയും സൈനികർക്ക് പരുക്കേറ്റിരുന്നു.
പിന്നീട് പത്ത് ദിവസത്തിന് ശേഷം കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ, ചൈനീസ് സൈനികർ വീണ്ടും ഏറ്റുമുട്ടി. അതിനുശേഷം ആ മേഖലയിൽ ഇരുവിഭാഗത്തുനിന്നുമുള്ള സൈനികർ തമ്മിൽ ഏറ്റുമുട്ടൽ തുടർന്നിരുന്നു.
ഇരുരാജ്യങ്ങളിൽ നിന്നുമുള്ള മുതിർന്ന സൈനിക മേധാവികൾ ഞായറാഴ്ച ഒൻപതാം തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. രാവിലെ 10 ന് ശേഷം ആരംഭിച്ച യോഗം 15 മണിക്കൂറിലധികം നീണ്ടുനിന്ന് തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സമാപിച്ചതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. യോഗത്തിന്റെ തീരുമാനങ്ങൾ സംബന്ധിച്ച് സർക്കാരിൽ നിന്ന് ഔദ്യോഗികമായ പ്രസ്താവനകളൊന്നും വന്നിട്ടില്ല.