അരുണാചല്‍ അതിര്‍ത്തി ലംഘിച്ച് ചൈന; സംഘര്‍ഷം

ഇന്ത്യയും ചൈനയും തമ്മിലുള്ള അടുത്ത സൈനിക കമാൻഡർ തല ചർച്ചകൾ നടക്കാനിരിക്കെയാണ് സംഘര്‍ഷം

Indo China

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തിയിലെ കിഴക്കന്‍ മേഖലയില്‍ ഇരു സൈന്യങ്ങളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയില്‍ ഇന്ത്യയുടേയും ചൈനയുടേയും പട്രോളിങ് സംഘങ്ങള്‍ മുഖാമുഖം വന്നതായാണ് വിവരം. തവാങ് സെക്ടറിലെ യാങ്‌സെക്ക് സമീപം കഴിഞ്ഞയാഴ്ചയാണ് സംഭവം. ഇന്ത്യയും ചൈനയും തമ്മിലുള്ള അടുത്ത സൈനിക കമാൻഡർ തല ചർച്ചകൾ നടക്കാനിരിക്കെയാണ് സംഘര്‍ഷം.

ചൈനീസ് സൈന്യം വലിയ എണ്ണത്തിലാണ് എത്തിയതെന്നും ഇന്ത്യൻ പട്രോളിങ് യൂണിറ്റുമായി മുഖാമുഖം വന്നതായും പ്രതിരോധ വിഭാഗത്തിലെ ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. സൈന്യങ്ങൾക്കിടയിൽ ചില തർക്കങ്ങൾ ഉണ്ടായിരുന്നതായും ഇത്തരം സന്ദർഭങ്ങളിൽ സംഭവിക്കുന്നത് പോലെ പ്രാദേശിക കമാൻഡർമാർ ഇടപെട്ട് സ്ഥിതി നിയന്ത്രണത്തിലാക്കിയതായും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇരുരാജ്യങ്ങളും അനുവദനീയമായ മേഖല വരെ പട്രോളിങ് പ്രവർത്തനങ്ങൾ നടത്താറുണ്ട്. പട്രോളിങ് യൂണിറ്റുകള്‍ കണ്ടുമുട്ടുമ്പോഴെല്ലാം ഇരുപക്ഷവും അംഗീകരിച്ച വ്യവസ്ഥകളും പ്രോട്ടോക്കോളുകളും അനുസരിച്ചാണ് സാഹചര്യം നിയന്ത്രണ വിധേയമാക്കുന്നത്. സ്ഥിതി നിയന്ത്രണത്തിലാകുന്നതിന് മുന്‍പ് ചെറിയ ഏറ്റുമുട്ടലുകള്‍ നടക്കാറുമുണ്ടെന്ന് പ്രതിരോധ വിഭാഗത്തിലെ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യ-ചൈന അതിർത്തി യഥാര്‍ത്ഥത്തില്‍ വേർതിരിക്കപ്പെട്ടിട്ടില്ല, അതിനാൽ രാജ്യങ്ങൾക്കിടയിൽ നിയന്ത്രണ രേഖയെക്കുറിച്ചുള്ള ധാരണയിൽ വ്യത്യാസമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വ്യത്യസ്തമായ ധാരണകളുള്ള ഈ മേഖലകളിൽ സമാധാനം പാലിക്കുന്നതിനാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലുള്ള കരാറുകളും പ്രോട്ടോക്കോളുകളുമെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

ഇരുരാജ്യങ്ങളുടേയും പട്രോളിങ് യൂണിറ്റുകള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് സര്‍ക്കാര്‍ വ‍ൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഒരു സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നത്. സമാനമായ ഒരു സംഭവം 2016 ല്‍ നടന്നിരുന്നതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

Also Read: ലഖിംപൂര്‍ ഖേരി: കേസ് ഇന്ന് സുപ്രീം കോടതിയില്‍; ആശിഷ് മിശ്രയെ ചോദ്യം ചെയ്യും

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Indian chinese patrols face off in arunachal border

Next Story
രാജ്യത്ത് 21,257 പേര്‍ക്ക് കോവിഡ്; മരണ സംഖ്യ 4.5 ലക്ഷം കവിഞ്ഞുCovid Death, Lockown
The moderation of comments is automated and not cleared manually by malayalam.indianexpress.com