വെനീസ്: ശരീര സൗന്ദര്യ മത്സര രംഗത്തെ ഇന്ത്യൻ താരം സാന്നിദ്ധ്യമായ ഭൂമിക ശർമ്മ ഇനി ലോക സുന്ദരി. വെനീസിൽ നടന്ന മത്സരത്തിലാണ് ഡെറാഡൂണിൽ നിന്നുള്ള ഇവർ ഒന്നാമതെത്തിയത്. മത്സര രംഗത്തുണ്ടായിരുന്ന 27 ഇന്ത്യൻ വനിതകളെയും പിന്തള്ളി ഭൂമി മത്സരത്തിലെ മൂന്ന് കാറ്റഗിയിലും മുന്നിലെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് വെനീസിൽ ലോകത്തെ എല്ലാ ബഡി ബിൽഡർമാരെയും പിന്തള്ളി ഭൂമിക കിരീടം ചൂടിയത്. ലോകത്താകമാനമുള്ള 50 ബോഡി ബിൽഡർമാരെയാണ് ഭൂമിക പിന്തള്ളിയത്. ഡിസംബറിൽ യുകെയിൽ വച്ച് നടക്കുന്ന വിശ്വ സുന്ദരി പട്ടത്തിനായുള്ള മത്സരമാണ് ഇനി തന്റെ ലക്ഷ്യമെന്ന് ഭൂമിക വിജയത്തെ കുറിച്ച് പ്രതികരിച്ചു.

മൂന്ന് വർഷമായി ശരീര സൗന്ദര്യ മത്സരരംഗത്തെ സ്ഥിരം സാന്നിദ്ധ്യമാണ് ഭൂമിക. ഇന്ത്യൻ വെയിറ്റ് ലിഫ്റ്റിംഗ് ടീം കോച്ച് ഹൻസ മൻറൽ ശർമ്മയുടെയും ബിസിനസുകാരനായ വിശ്വവിജയ് സിംഗിന്റെയും മകളാണ് ഭൂമിക. ഭൂമികയെ ഷൂട്ടിംഗ് താരമാക്കാനായിരുന്നു മാതാപിതാക്കളുടെ ശ്രമമെങ്കിലും പിന്നീട് ശരീര സൗന്ദര്യ രംഗത്ത് ഇവർ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

ഭൂമികയുടെ അമ്മ ഹൻസ മൻറൽ ശർമ്മ ദ്രോണാചാര്യ അവാർഡ് ജേതാവാണ്. ഇന്ത്യയിലും വിദേശത്തും വനിത ശരീര സൗന്ദര്യ മത്സരം അറിയപ്പെടാത്ത ഒരു കായിക ഇനമാണ്. അതുകൊണ്ട് തന്നെ മാതാപിതാക്കൾ മകളുടെ കരിയർ തിരഞ്ഞെടുപ്പിൽ ആശങ്കാകുലരുമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ