ഗാങ്‌ടോക്ക്: സിക്കിമിലെ ഡോംഗ്ലോങ് പ്രവിശ്യയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കണമെന്ന് ഇന്ത്യയോട് ചൈന. അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നും ഇന്ത്യന്‍ സൈന്യം ചരിത്രത്തില്‍ നിന്നും പാഠം ഉള്‍ക്കൊളളമെന്നും ചൈന മുന്നറിയിപ്പ് നല്‍കി. 1962ലെ യുദ്ധത്തെ പരാമര്‍ശിച്ചാണ് ചൈനയുടെ മുന്നറിയിപ്പ്.

ഡോംഗ്ലോങ് പ്രദേശത്ത് ഇന്ത്യയുടെ കൈയേറ്റം എന്ന അടിക്കുറിപ്പോടെ ചൈനീസ് വിദേശകാര്യ മന്ത്രാലയം സൈനികരുടെ ഫോട്ടോയും പുറത്തുവിട്ടിട്ടുണ്ട്. സൈന്യത്തെ പിന്‍വലിച്ചതിലൂടെ മാത്രമേ തര്‍ക്കം പരിഹരിക്കാന്‍ സാധിക്കുകയുളളുവെന്നും ചൈന വ്യക്തമാക്കി.

ഇതിനിടെ ടിബറ്റിലേക്കുള്ള പ്രവേശന കവാടമായ നാഥുല ചുരം ചൈന അടച്ചു. കഴിഞ്ഞ ദിവസം ചൈനീസ് സേന സിക്കിം സെക്ടറിലേക്ക് കടന്നുകയറി ഇന്ത്യന്‍ സൈന്യത്തെ പ്രതിരോധത്തിലാക്കിയതിനുപുറമെ രണ്ട് സൈനിക ബങ്കറുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.

ഇതിനെ പ്രതിരോധിച്ച ഇന്ത്യന്‍ സൈന്യത്തിന്റെ നിലപാട് കൈയേറ്റമാണെന്നാരോപിച്ചാണ് നാഥുല ചുരം അടച്ചത്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വസ്ഥത രൂക്ഷമായി. നാഥുല ചുരം അടച്ചതോടെ കൈലാസ് മാനസ സരോവര്‍ തീര്‍ഥയാത്ര പൂര്‍ണമായും തടസപ്പെട്ടു.

ഇന്ത്യയുടെ ഭാഗത്തു നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതുവരെ മാനസ സരോവര്‍ യാത്ര തടയുമെന്നാണ് ചൈനീസ് സൈന്യത്തിന്റെ നിലപാട്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ കടുത്ത പ്രതിസന്ധിയിലായി. പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം തീര്‍ഥാടകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ചൈനയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടാകാത്തത് തീര്‍ഥാടകരെ കുഴക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ