ന്യൂഡല്‍ഹി: ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സിക്കിമിലെ ദോക്‌ലാമില്‍ നിന്ന് ഗ്രാമവാസികളോട് ഒഴിഞ്ഞു പോകാന്‍ ഇന്ത്യന്‍ സൈന്യം ഉത്തരവിട്ടതായി റിപ്പോർട്ടുകൾ. ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ താമസിക്കുന്ന നൂറോളം പേരോടാണ് അടിയന്തിരമായി ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ഇവിടെ നിന്ന് 35 കിലോമീറ്റര്‍ അകലെയാണ് രണ്ട് മാസമായി സംഘര്‍ഷഭീതി നിലനില്‍ക്കുന്നത്‌.

മുന്‍കരുതലിന്റെ ഭാഗമായാണ് ജനങ്ങളോട് ഇവിടെ നിന്ന് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടതെന്നും ഒരു സൈനിക നടപടിക്കുള്ള അടിയന്തിര സാഹചര്യങ്ങളില്ലെന്നുമാണ് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതേ സമയം ഈ മേഖലയിലേക്ക് കൂടുതല്‍ സൈനികരെ എത്തിക്കുന്നുണ്ടെന്നും വിവരങ്ങളുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അവരുടെ മുഖപത്രങ്ങളിലൂടെ പ്രകോപനം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികള്‍.

ദോക്ക്‌ലാം അതിർത്തി തർക്കത്തിൽ ഇന്ത്യക്ക് എതിരെ ശക്തമായ താക്കീതുമായി ചൈന രംഗത്തെത്തിയിരുന്നു. ചൈനീസ് അതിർത്തിയിലേക്ക് ഇന്ത്യൻ സൈന്യം അതിക്രമിച്ചു കടന്നിരിക്കുകയാണ് എന്നും , ഉടൻ ഇവിടെ നിന്നും സൈന്യത്തെ പിൻവലിക്കണമെന്നും ചൈന ആവശ്യപ്പെടുന്നു.

അതിർത്തി പ്രദേശത്ത് ദോക്ലാം പീഠഭൂമിക്ക് സമാന്തരമായി 3500 കിലോമീറ്റർ ദൂരത്തിലാണ് ചൈന റോഡ് നിർമ്മാണം ആരംഭിച്ചത്. ഇതിനെതിരെ ഇന്ത്യ രംഗത്ത് വന്നതോടെ ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം വഷളായി. തുടർന്ന് ആരോപണ-പ്രത്യാരോപണങ്ങളും ഭീഷണികളും ഇരു രാജ്യങ്ങൾക്കുമിടയിൽ തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ