ശ്രീനഗർ: ജമ്മു കശ്‌മീരിൽ വിഘടനവാദികൾ സൈനികനെ തട്ടിക്കൊണ്ടുപോയി. സംഘർഷബാധിത പ്രദേശമായ ദക്ഷിണ കശ്‌മീരിലെ ഷോപിയാനിൽ സൈനിക ചുമതലയിലുണ്ടായിരുന്ന ഔറംഗസീബിനെയാണ് വിഘടനവാദികൾ തട്ടിക്കൊണ്ടുപോയത്.
പെരുന്നാൾ അവധിക്ക് കശ്‌മീരിലെ രജൗരിയിലെ വീട്ടിലേക്ക് മടങ്ങിയ ഔറംഗസീബിനെ പുൽവാമയിലെ കലംപൊര പ്രദേശത്ത് വച്ചാണ് തട്ടിക്കൊണ്ടുപോയത്. നാലാം നമ്പർ ജമ്മു കശ്‌മീർ ലൈറ്റ് ഇൻഫാൻട്രിയിലെ അംഗമായിരുന്നു ഇദ്ദേഹം.
ഇന്ന് രാവിലെ 9 മണിയോടെയാണ് ഔറംഗസീബിന്റെ സഹപ്രവർത്തകർ ഇദ്ദേഹത്തെ ഒരു കാറിൽ കയറ്റിവിട്ടത്. എന്നാൽ വഴിമധ്യേ വിഘടനവാദികൾ കാർ തടഞ്ഞുനിർത്തി ഔറംഗസീബിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ജമ്മു കശ്‌മീർ പൊലീസും ഇന്ത്യൻ സൈന്യവും കേസ് അന്വേഷിക്കുന്നുണ്ട്.