ന്യൂഡൽഹി: ഇന്ത്യ-ചൈന ബന്ധത്തിൽ ഇപ്പോഴുണ്ടായിരിക്കുന്ന ഉലച്ചിലുകൾക്ക് നയതന്ത്ര പരിഹാരം കാണുന്നത് വരെ ഭൂട്ടാനിലെ ദോക്ലാം പീഠഭൂമിയിൽ തന്നെ നിലയുറപ്പിക്കാൻ ഇന്ത്യൻ സൈന്യത്തിന്റെ തീരുമാനം. ഇതേ തുടർന്ന് കൂടുതൽ ഇന്ത്യൻ സൈനികൾ ഇവിടേക്ക് എത്തി. ഇവർക്കുള്ള ഭക്ഷണവും മറ്റ് അനുബന്ധ സൗകര്യങ്ങളും എത്തിച്ചുകൊടുക്കുമെന്ന് സൈനിക വൃത്തങ്ങൾ ഔദ്യോഗികമായി തന്നെ അറിയിച്ചു.

ഇന്ത്യൻ സൈന്യം അവിടെനിന്നു പിന്മാറണമെന്ന ചൈനയുടെ നിരന്തര ഭീഷണിക്കുള്ള മറുപടിയെന്നോണമാണ് ഇന്ത്യൻ സൈന്യം ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 10,000 അടി ഉയരത്തിലുള്ള പീഠഭൂമിയുടെ വിവിധ ഭാഗങ്ങളിൽ ഇന്ത്യൻ സൈന്യം ടെന്റുകൾ സ്ഥാപിച്ചിട്ടുണ്ട് ഇപ്പോൾ. കൂടുതൽ ടെന്റുകൾ സ്ഥാപിച്ച് ഇവിടെ നിരീക്ഷണം ശക്തമാക്കാനാണ് ഇന്ത്യൻ സൈന്യത്തിന്റെ തീരുമാനം.

ചൈനയുടെ ഭീഷണിക്കും സമ്മർദ്ദത്തിനും നിന്നുകൊടുക്കില്ലെന്ന നിലപാടിലാണ് ഇന്ത്യൻ സൈന്യം. ജർമ്മനിയിൽ ജി 20 രാഷ്ട്രങ്ങളുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ച നടന്നതോടെ നയതന്ത്ര പരിഹാരത്തിന്റെ സാധ്യതകൾ പുറത്തുവന്നിട്ടുണ്ട്.

ഇന്ത്യ – ചൈന – ഭൂട്ടാ‍ൻ അതിർത്തികൾ സംഗമിക്കുന്ന ത്രിരാഷ്ട്ര അതിർത്തിയിൽ ഒരു മാസത്തോളമായി ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും നനേർക്കുനേർ എത്തിയിട്ട്. ഇവിടെ റോഡ് നിർമിക്കാനുള്ള ചൈനയുടെ നീക്കമാണു പ്രശ്നങ്ങൾക്കു തുടക്കമിട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ