ന്യൂഡൽഹി: കശ്‌മീരിലെ യുവാക്കൾ ഉദ്ദേശിക്കുന്നതു പോലുളള സ്വതന്ത്ര്യം ലഭിക്കാൻ പോകുന്നില്ലെന്നും അതിനായി സൈന്യത്തിനോട് പോരാടരുതെന്നും കരസേനാ മേധാവി ബിപിൻ റാവത്ത്. ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു കരസേന മേധാവിയുടെ പ്രതികരണം. തോക്ക് കൈയ്യിലെടുത്ത് പോരാടിയാൽ സ്വാതന്ത്ര്യം കിട്ടുമെന്ന് കശ്‌മീരി യുവാക്കളെ പ്രേരിപ്പിക്കുന്നവരെക്കുറിച്ചുളള ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.

ആസാദി സംഭവിക്കാൻ പോകുന്നില്ലെന്ന് ഞാൻ കശ്‌മീരി യുവാക്കളോട് പറയാൻ ആഗ്രഹിക്കുന്നു. അതിനുവേണ്ടി പോരാടേണ്ടതില്ല. എന്തിനാണ് നിങ്ങൾ തോക്ക് കൈയ്യിലെടുക്കുന്നത്?. ഒരിക്കലും സംഭവിക്കാത്ത ആസാദിനുവേണ്ടി പോരാടുന്നവരോട് ഞങ്ങളും പോരാടും.

സൈന്യവുമായുളള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഞാൻ കണക്കിലെടുക്കാറില്ല. അത് തുടർന്നുകൊണ്ടേയിരിക്കും. പുതിയ റിക്രൂട്മെന്റുകൾ നടക്കുകയാണ്. അവർ ഉദ്ദേശിക്കുന്ന ലക്ഷ്യം ഒരിക്കലും കൈവരിക്കാൻ പോകുന്നില്ലെന്നാണ് എനിക്ക് അവരോട് പറയാനുളളത്. സൈന്യത്തോട് പോരാടാൻ അവർക്കാകില്ല. കൊല്ലുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നില്ല. പക്ഷേ നിങ്ങൾ പോരടാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഞങ്ങളുടെ മുഴുവൻ സൈനിക ശക്തിയും ഉപയോഗിച്ച് തിരിച്ചടിക്കും.

രക്ഷാസേന ക്രൂരന്മാരല്ലെന്ന് കശ്‌മീരി ജനങ്ങൾ മനസിലാക്കണം. സിറിയയിലും പാക്കിസ്ഥാനിലും നോക്കൂ. അവർ ടാങ്കുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ചാണ് ഇത്തരം സാഹചര്യങ്ങളെ നേരിടുന്നത്. എത്ര പ്രകോപനം ഉണ്ടായാലും ജനങ്ങൾക്ക് പരുക്കൊന്നും കൂടാതെ പ്രശ്നം കൈകാര്യം ചെയ്യാനാണ് ഞങ്ങളുടെ സൈന്യം ശ്രമിക്കുന്നത്. യുവാക്കൾ ക്ഷുഭിതരാണെന്ന് എനിക്കറിയാം. പക്ഷേ അതിന് രക്ഷാ സേനയെ ആക്രമിക്കുകയും അവർക്ക് നേരെ കല്ലെറിയുകയും ചെയ്യുന്നത് ശരിയായ രീതിയല്ല.

സൈനിക ഓപ്പറേഷൻ നടക്കുമ്പോൾ ജനങ്ങൾ കൂട്ടമായെത്തി അത് തടസപ്പെടുത്താൻ ശ്രമിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. അതിന് അവരെ പ്രേരിപ്പിക്കുന്നത് ആരാണ്? ഭീകരർ കൊല്ലപ്പെടാൻ ജനങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ അവർ അവരുടെ അടുത്തേക്ക് പോയി തോക്കുകൾ താഴെ വച്ച് വരാൻ പറയുക. അങ്ങനെയെങ്കിൽ ഒരാളും കൊല്ലപ്പെടില്ല. അതിന് തയ്യാറെന്ന് ഒരാളെങ്കിലും പറഞ്ഞാൽ ഞങ്ങളുടെ ഓപ്പറേഷൻ അവസാനിപ്പിക്കും. സൈനിക നടപടി തടസപ്പെടുത്തി ഭീകരരെ രക്ഷപ്പെടുത്താൻ ആരെയും അനുവദിക്കില്ല.

സൈനികർക്ക് നേരെ കല്ലെറിഞ്ഞ് ജനങ്ങൾ സൈനിക നടപടി തടസപ്പെടുത്തുകയാണ്. ഇത് സൈന്യത്തെ കൂടുതൽ അക്രമാസക്തമാക്കും. ജനങ്ങളുടെ പ്രക്ഷോഭത്തെ വളരെ സൗമ്യമായാണ് സൈന്യം നേരിടുന്നത്. 2016 ജൂൺ വരെ കാര്യങ്ങൾ വളരെ നന്നായിട്ടാണ് പോയത്. ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ ബുർഹാൻ വാനി സൈനികരുമായുളള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടെയാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. തെക്കൻ കശ്‌മീരിലെ ജനങ്ങളെല്ലാം തെരുവിലേക്കിറക്കി.

സൈനികർക്കുനേരെ കല്ലെറിയുകയും സൈനിക പോസ്റ്റുകൾ ആക്രമിക്കുകയും ചെയ്തു. ഒക്ടോബർ-നവംബർ മാസം ആസാദി വളരെ അകലെയല്ല എന്നു ജനങ്ങൾ മുദ്രാവാക്യം വിളിക്കുന്നതായി എനിക്ക് സന്ദേശം ലഭിച്ചു. ആസാദി നമ്മുടെ കൈയ്യെത്തും ദൂരത്തുണ്ടെന്ന് പറഞ്ഞ് ജനങ്ങളെ ആരോ പ്രകോപിപ്പിക്കുകയാണ്. സൈനിക പോസ്റ്റുകൾ നിരന്തരം ആക്രമിക്കപ്പെടുന്നുണ്ട്. സൈനികർക്കുനേരെ ജനങ്ങൾ കല്ലെറിയുന്നു.

ജനങ്ങളുടെ വികാരം സൈനിക നടപടിയിലൂടെ അടിച്ചമർത്താനാവില്ലെന്ന് എനിക്കറിയാം. അതിന് രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ പ്രതിനിധികളും തെക്കൻ കശ്‌മീരിലെ ജനങളുടെ അടുത്തേക്ക് ചെന്ന് അവരുമായി സംസാരിക്കണം. അതിന് അവ തയ്യാറാവുന്നില്ല. കാരണം തങ്ങൾ ആക്രമിക്കപ്പെടുമോയെന്ന് അവർ ഭയപ്പെടുന്നു. ഇപ്പോൾ നടക്കുന്നതൊക്കെ വ്യർത്ഥമായ പരിശ്രമങ്ങളാണെന്നും ജനങ്ങൾ ഇത് മനസിലാക്കി മാറി ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബിപിൻ റാവത്ത് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook