ശ്രീനഗര്‍: പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് അടിക്കടിയുണ്ടാകുന്ന ആക്രമണങ്ങള്‍ക്കും നുഴഞ്ഞുകയറ്റങ്ങള്‍ക്കും ഇന്ത്യയുടെ ശക്തമായ തിരിച്ചടി. നൗഷേരയില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ പാക്കിസ്ഥാന്റെ സൈനിക പോസ്റ്റുകള്‍ തകര്‍ത്തു. മേജര്‍ അശോക് നരൂലയാണ് മാധ്യമങ്ങളെ കണ്ട് ഇക്കാര്യം വിശദീകരിച്ചത്. പിന്നാലെ ആക്രമണത്തിന്റെ ദൃശ്യങ്ങളും കരസേന പുറത്തുവിട്ടു.

കശ്മീരിലെ കുപ്‍വാര ജില്ലയില്‍ സൈന്യവും ഭീകരവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ കഴിഞ്ഞ ദിവസം വീരമൃത്യു വരിച്ചിരുന്നു. നാല് ഭീകരവാദികളേയും സൈന്യം വധിച്ചു. ഭീകരവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്.

കഴിഞ്ഞയാഴ്ച്ച അതിർത്തിയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ചെറുക്കുന്നതിനിടെ രണ്ടു സൈനികർ കൊല്ലപ്പെട്ടിരുന്നു. അടിക്കടി ആക്രമണങ്ങള്‍ ഉണ്ടാവുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രത്യാക്രമണം. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യം തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാക്കിസ്ഥാന്‍ പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കാനാണ് സൈന്യത്തിന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

കശ്മീരില്‍ സൈന്യത്തിനുനേരെയുള്ള തീവ്രവാദി ആക്രമണങ്ങള്‍ക്കൊപ്പം അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണവും രൂക്ഷമായിരുന്നു. സൈനികരും പ്രദേശവാസികളുമടക്കം നിരവധി പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സൈനിക നീക്കത്തിന് കൂടിയാണ് താഴ്വര സാക്ഷ്യം വഹിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ