കശ്മീർ: ജമ്മു കശ്മീരിൽ ആഭ്യന്തര പ്രശ്നങ്ങൾക്ക് പിന്നിൽ സൈനികർക്കും പങ്കുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഒമർ​ അബ്ദുള്ള. സൈനികരുടെ നടപടികൾ പ്രകോപനങ്ങൾ സൃഷിടിക്കുന്നതാണെന്നും കശ്മീരുകാരെ പാക്കിസ്ഥാൻകാരായാണ് കാണുന്നതെന്നും ഒമർ അബ്ദുള്ള ആരോപിക്കുന്നു. സൈനികർ പ്രദേശവാസികളോട് ക്രൂരത കാണിക്കുന്നു എന്നതിന് തെളിവുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ട്വിറ്റർ പേജിലൂടെയാണ് ഒമർ അബ്ദുള്ളയുടെ പ്രതികരണം. സൈനിക വാഹനത്തിന് മുന്നിൽ പ്രദേശവാസിയെ കെട്ടിവച്ച് കൊണ്ടു പോകുന്നതിന്റെ ചിത്രങ്ങളും വിഡിയോയും ഒമർ അബ്ദുള്ള പുറത്ത് വിട്ടിട്ടുണ്ട്.

സൈനിക വാഹനത്തിന് നേരെ കല്ലെറിയാതിരിക്കാൻ വേണ്ടിയാണ് പ്രദേശവാസിയെ ഇങ്ങനെ കെട്ടിവെച്ച് കൊണ്ടു പോയത് എന്നും ഒമർ അബ്ദുള്ള പറയുന്നു. സൈനികരെ ആക്രമിക്കുന്നത് കണ്ട് ഊറ്റം കൊണ്ടവരൊക്കെ ഈ തെളിവുകളോട് പ്രതികരിക്കണം എന്നും നാഷനൽ കോൺഫറൻസ് നേതാവ് കൂടിയായ ഒമർ അബ്ദുള്ള പറഞ്ഞു.

കശ്മീമീർ താഴ്‌വരയിൽ ഉപതിരഞ്ഞെടുപ്പിനിടെ സൈനികരെ പ്രദേശവാസികൾ ആക്രമിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ജമ്മു കശ്മീരില്‍ ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനിടയില്‍ സൈന്യത്തിനുനേരെ നടന്ന ആക്രമണത്തില്‍ ശക്തമായ നടപടി എടുക്കുമെന്ന് കേന്ദ്രം ആഭ്യന്തര മന്ത്രാലയം പറഞ്ഞിരുന്നു. സൈനികരെ ആക്രമിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നവരുടെ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സര്‍ക്കാര്‍ നടപടിയുമായി മുന്നോട്ട് പോകാനൊരുങ്ങുന്നത്.

തിരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി മടങ്ങുകയായിരുന്ന സൈനികര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. കൈയില്‍ തോക്ക് ഉണ്ടായിരുന്നിട്ടും സംയമനം പാലിച്ച സൈനികന്റെ നടപടിയെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പ്രശംസിച്ചു. “സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ശക്തമായ നടപടി തന്നെ കുറ്റക്കാര്‍ക്കെതിരെ സ്വീകരിക്കും. നമ്മുടെ സൈനികര്‍ എത്രമാത്രം അച്ചടക്കം ഉള്ളവരാണെന്ന് തെളിയിക്കുന്നതാണ് ദൃശ്യങ്ങളെന്നും രാജ്നാഥ് സിങ് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ