ശ്രീനഗർ: കല്ലേറു ചെറുക്കാൻ യുവാവിനെ മനുഷ്യകവചമായി ജീപ്പിനു മുന്നിൽ കെട്ടിയിട്ട മേജറെ സൈന്യം ഔദ്യോഗികമായി ആദരിച്ചതായി റിപ്പോര്‍ട്ട്. ചീഫ് ആര്‍മി ഉദ്യോഗസ്ഥനായാണ് രാഷ്ട്രീയ റൈഫിള്‍സ് മേജര്‍ നിതിന്‍ ഗോഗലിനെ ആദരിച്ചതെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏപ്രില്‍ 9ന് കശ്മീരിലെ ബുദ്ഗാമില്‍വെച്ച് യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ട് യാത്ര ചെയ്തത് വിവാദമായിരുന്നു. പിന്നീട് സൈന്യം ഉദ്യോഗസ്ഥനു ക്ലീൻ ചിറ്റ് നല്‍കിയെന്നും വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ ആദരിക്കുന്നെന്ന വാര്‍ത്തയും പുറത്തുവരുന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും സൈനികരുടെയും ജീവന്‍ രക്ഷിക്കാനാണ് യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ടത് എന്നായിരുന്നു മേജറിന്റെ വിശദീകരണം. ഇത് സൈനിക കോടതി അംഗീകരിക്കുകയും വലിയ അപകടങ്ങളും പരുക്കും ഉണ്ടാകാതിരിക്കാന്‍ സൈനിക ഉദ്യോഗസ്ഥന്‍ കാണിച്ച മനസാന്നിധ്യത്തെ കോടതി അഭിനന്ദിച്ചുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Read More: കല്ലേറിൽനിന്നു രക്ഷപ്പെടാൻ യുവാവിനു പകരം അരുന്ധതി റോയിയെ സൈന്യം മനുഷ്യ കവചമാക്കണമായിരുന്നു: പരേഷ് റാവൽ

സൈനിക ജീപ്പിനു മുന്നിൽ യുവാവിനെ കെട്ടിവച്ചു മനുഷ്യ കവചമാക്കിയതിനുപകരം എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധി റോയിയെ കെട്ടിവയ്ക്കണമായിരുന്നെന്ന് ബോളിവുഡ് നടനും ബിജെപി എംപിയുമായ പരേഷ് റാവൽ പറഞ്ഞതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്.

ബഡ്ഗാമിലെ ഖാന്‍സാഹിബ് നിവാസിയായ ഫാറൂഖ് അഹമ്മദ് ധര്‍ എന്ന യുവാവിനെ സേനാവാഹനത്തിനു മുന്നില്‍ കെട്ടിയിട്ടതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കല്ലെറിയുന്നവരുടെ വിധി ഇങ്ങനെയായിരിക്കുമെന്ന് ഒരു സൈനികന്‍ പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം. സൈന്യത്തിന്റെ നടപടി വലിയ വിവാദമായതിനെ തുടര്‍ന്ന് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook