നൂഡല്‍ഹി: സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റര്‍ ചൈന അതിര്‍ത്തിക്കടുത്ത് അരുണാചല്‍ പ്രദേശിലെ തവാങിന് സമീപം തകര്‍ന്നു വീണു. അപകടത്തില്‍ പൈലറ്റ് മരിച്ചതായി പ്രതിരോധ വക്താവ് കേണല്‍ എഎസ് വാലിയയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഉയര്‍ന്ന മേഖലയിലെ പതിവ് പറക്കലിനിടെ രാവിലെ 10 മണിയോടെയാണ് സംഭവം. അപകട കാരണം വ്യക്തമായിട്ടില്ലെന്നും എഎസ് വാലിയ പറഞ്ഞു. വിമാനത്തില്‍ രണ്ട് പൈലറ്റുമാരുണ്ടായിരുന്നുവെന്നും അപകടത്തെ തുടര്‍ന്ന് അവരെ അടുത്തുള്ള സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വാലിയ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ പൈലറ്റ് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരിച്ചത്. മറ്റൊരാള്‍ ചികിത്സയില്‍ തുടരുകയാണ്.
അപകടത്തില്‍ മരിച്ച പൈലറ്റ് ലെഫ്റ്റനന്റ് കേണല്‍ സൗരഭ് യാദവാണെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ചുള്ള റിപോര്‍ട്ടുകള്‍ പറയുന്നു. അതേസമയം അപകടത്തിന്റെ കാരണം സൈന്യം വെളിപ്പെടുത്തിയിട്ടില്ല. വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
മുന്‍പും അരുണാചല്‍ പ്രദേശില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അപകടമുണ്ടായിട്ടുണ്ട്. മോശം കാലാവസ്ഥയാണ് പല അപകടങ്ങള്‍ക്കും പിന്നില്‍. 2010 മുതല്‍, സംസ്ഥാനത്ത് ആറ് ഹെലികോപ്റ്റര്‍ അപകടങ്ങളില്‍ 40-ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇവരില്‍ മുന്‍ മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡുവും ഉള്‍പ്പെടുന്നു. മാര്‍ച്ചില്‍ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം കരസേനയുടെ മറ്റൊരു ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണിരുന്നു. സംഭവത്തില്‍ ഒരു പൈലറ്റ് മരിക്കുകയും സഹപൈലറ്റിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 2021 ഡിസംബറില്‍ തമിഴ്നാട്ടില്‍ വ്യോമസേനയുടെ Mi-17 V5 ഹെലികോപ്റ്റര്‍ തകര്‍ന്നതിനെ തുടര്‍ന്ന് മുന്‍ പ്രതിരോധ സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 12 പേര്‍ മരിച്ചിരുന്നു.