കുൽഭൂഷൺ യാദവിനെതിരായ വധശിക്ഷ രാജ്യത്തിനകത്തും പുറത്തും വലിയ ചർച്ചകൾക്ക് വഴിവെച്ച സാഹചര്യത്തിൽ അമേരിക്കയിലുള്ള ഇന്ത്യക്കാരും വിഷയത്തിൽ ഇടപെടുന്നു. ലോകത്താകമാനം കുൽഭൂഷൺ യാദവിനെ വിട്ടയക്കണമെന്ന ആവശ്യം ഇന്ത്യാക്കാർ ഉയർത്തുന്ന സാഹചര്യത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് സഹായം തേടി അമേരിക്കയിലെ ഇന്ത്യാക്കാർ രംഗത്ത് വന്നിരിക്കുന്നത്.

“വി ദ പീപ്പിൾ”(we the people) എന്ന പേരിലുള്ള അപേക്ഷയാണ് അമേരിക്കൻ പ്രസിഡന്റിന് മുൻപാകെ കുൽഭൂഷൻ യാദവിനെ വിട്ടയക്കാനുള്ള ആവശ്യത്തിൽ തയ്യാറാക്കുന്നത്. ഒരു ലക്ഷം പേരെങ്കിലും ഒപ്പിട്ടാൽ അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് ഈ അപേക്ഷ സ്വീകരിക്കും. മെയ് 14 ന് മുൻപ് ഒരു ലക്ഷം പേരെ ഈ അപേക്ഷയിൽ ഒപ്പുവയ്പ്പിക്കുന്നതിനുള്ള ശ്രമമാണ് അമേരിക്കയിലെ ഇന്ത്യാക്കാർ ഇപ്പോൾ നടത്തുന്നത്.

“ഇന്ത്യ ചാരവൃത്തി നടത്തുന്നതിനുള്ള യാതൊരു നിർദ്ദേശവും കുൽഭൂഷൺ യാദവിന് നൽകിയിട്ടില്ലെന്നിരിക്കെ, ഇദ്ദേഹത്തിന് എതിരായി ചുമത്തപ്പെട്ട വധശിക്ഷ തെറ്റായി ചമയ്ക്കപ്പെട്ട കേസിന്റെ പേരിലുള്ളതാണ്” എന്ന് ഈ പരാതിയിൽ പറയുന്നു.

“ഈ വസ്തുതകളുടെ പശ്ചാത്തലത്തിൽ കുൽഭൂഷൺ യാദവിനെ ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പടുന്നതിൽ നിന്ന് രക്ഷിക്കാൻ ഉചിതവും കാര്യക്ഷമവുമായി ഭരണ സംവിധാനത്തിന്റെ ഇടപെടൽ ഉണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു” എന്ന് പരാതിക്കാരൻ ആവശ്യപ്പെടുന്നു.

ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമായ റോയ്ക്ക് വേണ്ടി പാക്കിസ്ഥാനിൽ ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചാണ് പാക്കിസ്ഥാനിലെ സുപ്രീം കോടതി ഇദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചത്. പതിനഞ്ചിലേറെ തവണ കേസിന്റെ വിശദമായ വിവരങ്ങൾ നൽകാൻ ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടെങ്കിലും പാക്കിസ്ഥാൻ ഇതിന് തയ്യാറായില്ല.

കുൽഭൂഷൺ യാദവിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയാൽ അതൊരു ആസൂത്രിത കൊലപാതകമായി മാത്രമേ കാണുകയുള്ളൂവെന്ന് ഇന്ത്യ നേരത്തേ തന്നെ പാക്കിസ്ഥാനോട് വ്യക്തമാക്കിയിട്ടുണ്ട്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സർതജ് അസീസ് കുൽഭൂഷൺ യാദവിനെതിരെ രാജ്യദ്രോഹക്കുറ്റം ചെയ്തതിന് തെളിവില്ലെന്ന് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ