ന്യൂഡല്‍ഹി: ബ്രഹ്‌മോസ് മിസൈലിന്റെ ദൂരപരിധി കൂടിയ വിപുലീകൃത ആകാശപ്പതിപ്പ് വ്യോമസേന വിജകരമായി പരീക്ഷിച്ചു. സുഖോയ് 30 യുദ്ധവിമാനത്തില്‍നിന്നായിരുന്നു വിക്ഷേപണം.
ബംഗാള്‍ ഉള്‍ക്കടലിലുണ്ടായിരുന്ന കപ്പല്‍ ലക്ഷ്യമിട്ടായിരുന്നു വിമാനത്തില്‍നിന്നു മിസൈല്‍ വിക്ഷേപിച്ചത്. മിസൈല്‍ കൃത്യമായി ലക്ഷ്യം ഭേദിച്ചതായി വ്യോമസേന പ്രസ്താവനയില്‍ അറിയിച്ചു.
”സുഖോയ് 30 വിമാനത്തിന്റെ ഉയര്‍ന്ന പ്രകടനത്തിനൊപ്പം ബ്രഹ്‌മോസ് മിസൈലിന്റെ വിപുലീകൃത ദൂരപരിധി ശേഷിയും വ്യോമസേനയ്ക്കു തന്ത്രപരമായ പ്രാപ്തി നല്‍കുന്നു. ഇതു ഭാവിയിലെ യുദ്ധക്കളങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ വ്യോമസേനയ്ക്കു കഴിവ് നല്‍കുന്നു,” പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
വ്യോമസേന, നാവികസേന, ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി ആര്‍ ഡി ഒ), ബി എ പി എല്‍, എച്ച് എ എല്‍ എന്നിവയുടെ യോജിച്ച ശ്രമങ്ങള്‍ ഈ നേട്ടം കൈവരിക്കുന്നതില്‍ നിര്‍ണായകമായെന്നും പ്രസ്താവനയില്‍ പറഞ്ഞു.
സോളിഡ് പ്രൊപ്പല്ലന്റ് ബൂസ്റ്റര്‍ എന്‍ജിനോടുകൂടിയ രണ്ടു ഘട്ട സംവിധാനമുള്ള സൂപ്പര്‍സോണിക് മിസൈലാണു ബ്രഹ്‌മോസ്. ആദ്യ ഘട്ടം മിസൈലിനെ സൂപ്പര്‍സോണിക് വേഗതയില്‍ എത്തിക്കുകയും പിന്നീട് വേര്‍പെടുത്തുകയും ചെയ്യുന്നു. ലിക്വിഡ് റാംജെറ്റ് അല്ലെങ്കില്‍ രണ്ടാം ഘട്ടം മിസൈലിനെ ക്രൂയിസ് ഘട്ടത്തില്‍ ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത കൈവരിക്കാന്‍ സഹായിക്കുന്നു. റഡാറുകളില്‍നിന്നു മറഞ്ഞ് പറക്കാന്‍ കഴിവുള്ള മിസൈലിനു വ്യത്യസ്ത സഞ്ചാരപാതകള്‍ കൈവരിക്കാന്‍ കഴിയും.
‘സ്റ്റാന്‍ഡ്ഓഫ് റേഞ്ച് ആയുധങ്ങള്‍’ എന്ന് വിളിക്കപ്പെടുന്ന ബ്രഹ്‌മോസ് പോലുള്ള ക്രൂയിസ് മിസൈലുകള്‍ ആക്രമണകാരിക്കു പ്രതിരോധ പ്രത്യാക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയുന്ന ദൂരത്തില്‍നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്നവയാണ്. ഇവ ലോകത്തിലെ ഏറ്റവും പ്രധാന സൈന്യങ്ങളുടെ ആയുധപ്പുരകളിലുണ്ട്. സബ്സോണിക് ക്രൂയിസ് മിസൈലുകളെ അപേക്ഷിച്ച് ബ്രഹ്‌മോസിനു മൂന്നിരട്ടി വേഗതയും 2.5 ഇരട്ടി ഫ്‌ളൈറ്റ് റേഞ്ചും ഉയര്‍ന്ന റേഞ്ചുമുണ്ട്.