ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാൻ എഫ് 16 വിമാനം ഉപയോഗിച്ചു എന്ന് ആവർത്തിച്ച് ഇന്ത്യ. അതിനുള്ള തെളിവുകൾ ഇനിയും കൈയ്യിലുണ്ടെന്നും ഇന്ത്യൻ വ്യോമസേന വക്താക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. രഹസ്യ സ്വഭാവം കണക്കിലെടുത്ത് തെളിവുകളുടെ കൂടുതൽ പുറത്തുവിടുന്നില്ലെന്ന് വ്യോമസേന വക്താക്കള്‍ വ്യക്തമാക്കി.
“പാക്കിസ്ഥാൻ എഫ് – 16 വിമാനം ഉപയോഗിച്ചതിന് മാത്രമല്ല ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 വിമാനം തകർത്തതിനും വ്യക്തമായ തെളിവ് ഇന്ത്യൻ വ്യോമസേനയുടെ പക്കലുണ്ട്. ഇരു വിമാനങ്ങളും വ്യോമ സംഘർഷത്തിൽ ഏർപ്പെട്ടു എന്ന കാര്യത്തിൽ സംശയമൊന്നും തന്നെ ഇല്ല,” വൈസ് മാർഷൽ ആർജികെ കപൂർ പറഞ്ഞു.
ഫെബ്രുവരിയിലെ ഏറ്റുമുട്ടലില്‍ തകര്‍ന്ന പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളുടെ റഡാര്‍ ചിത്രങ്ങള്‍ വ്യോമസേന പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം അമേരിക്കയിലെ ഫോറിൻ പോളിസി മാഗസിൻ ഇന്ത്യ പാക്കിസ്ഥാന്റെ എഫ് 16 വിമാനം തകർത്തട്ടില്ലായെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. പാക്കിസ്ഥാന്റെ എല്ലാ വിമാനങ്ങളും എണ്ണി തിട്ടപ്പെടുത്തിയെന്ന് പേര് വെളിപ്പെടുത്താത്ത അമേരിക്കൻ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞതായായിരുന്നു റിപ്പോർട്ട്.
ഇതിന് പിന്നാലെയാണ് റഡാർ ഉൾപ്പടെയുള്ള തെളിവുകളുമായി ഇന്ത്യൻ വ്യോമസേന രംഗത്തെത്തിയിരിക്കുന്നത്. ആക്രമണം നടന്ന സമയം രണ്ട് പൈലറ്റുമാര്‍ വിമാനത്തില്‍ നിന്ന് പാരഷ്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടിട്ടുണ്ട്. ഇതില്‍ ഒന്ന് മിഗ് വിമാനം പറത്തിയ അഭിനന്ദന് വര്‍ധമാനും മറ്റൊന്ന് പാക് വിമാനത്തിലെ പൈലറ്റുമാണെന്നുമായിരുന്നെന്ന് വ്യോമസേന നേരത്തെ വിശദമാക്കിയത്.