മുംബൈ: തിരഞ്ഞെടുപ്പ് ജയത്തിനായി ബിജെപി വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടത്തുന്നുവെന്ന് ശിവസേന. കര്‍ണാടകത്തില്‍ കണ്ടെത്തിയ വ്യാജ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ തിരഞ്ഞെടുപ്പ് പ്രക്രിയ എത്ര താഴ്ന്ന നിലയിലേക്ക് അധഃപതിച്ചു എന്ന് തെളിയിക്കുന്നതാണ് എന്ന് ആരോപിച്ച ശിവസേന, ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്നും പറഞ്ഞു.

മെയ് 15-ാം തീയതിയാണ് കര്‍ണാടകയിലെ തിരഞ്ഞെടുപ്പ്. ‘മോദി കോണ്‍ഗ്രസ് മുക്ത ഭാരതം എന്നാണ് പറയുന്നത്. കോണ്‍ഗ്രസ് മരിച്ചുകൊണ്ടിരിക്കുകയാണെങ്കിലും അത് മുന്നോട്ടുവച്ച ചിന്താധാര എന്നും നിലനില്‍ക്കുന്നതാണ്. കോണ്‍ഗ്രസിന്റെ ഗുണങ്ങളെ തങ്ങളിലേക്ക് പകര്‍ത്തിക്കൊണ്ടാണ് ബിജെപി ആ പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്’. ശിവസേനയുടെ പാര്‍ട്ടി പത്രമായ ‘സമാനയില്‍’ വന്ന മുഖപ്രസംഗത്തില്‍ പറയുന്നു.

‘കര്‍ണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി ബെംഗളൂരുവിലെ ഒരു ഫ്‌ളാറ്റില്‍ നിന്നും കണ്ടെത്തിയത് പതിനായിരം വ്യാജ വോട്ടര്‍ ഐഡി കാര്‍ഡ് ആണ്. സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കര്‍ണാടക തിരഞ്ഞെടുപ്പ് അത്രയും തരംതാഴ്ന്നിരിക്കുകയാണ്’ ശിവസേന ആരോപിച്ചു.

ബിജെപി തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക അതുപോലെ പകര്‍ത്തിയതായി രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ‘ചുരുക്കി പറഞ്ഞാല്‍ കോണ്‍ഗ്രസിന്റെ നയങ്ങള്‍ അതുപോലെ പകര്‍ത്തിക്കൊണ്ടാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപി തങ്ങളുടെ ആശയങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നു എന്നതില്‍ കോണ്‍ഗ്രസ് അഭിമാനിക്കണം’ ഉദ്ധവ് താക്കറെ നയിക്കുന്ന പാര്‍ട്ടി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ