ന്യൂഡൽഹി: 2020 അവസാനത്തോടെ രാജ്യത്ത് കോവിഡ് വാക്‌സിൻ പുറത്തിറക്കാൻ സാധിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. “കാര്യങ്ങൾ വളരെ നന്നായി പുരോഗമിക്കുകയാണെങ്കിൽ ഈ വർഷം അവസാനത്തോടെ ഇന്ത്യയ്‌ക്ക് കോവിഡ് വാക്‌സിൻ ലഭിക്കും,” ഹർഷ് വർധനെ ഉദ്ദരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

“മൂന്ന് കാൻഡിഡേറ്റുകൾ ഇന്ത്യയുടെ കോവിഡ് വാക്‌സിൻ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. രണ്ട് തദ്ദേശീയ കാൻഡിഡേറ്റുകളുടെ കോവിഡ് വാക്‌സിൻ വികസനം ഒന്നാം ഘട്ട മനുഷ്യപരീക്ഷണം പൂർത്തിയാക്കി, ഇപ്പോൾ പരീക്ഷണങ്ങൾ രണ്ടാം ഘട്ടത്തിലാണ്,” ഐസിഎംആർ ഡയറക്‌ടർ ജനറൽ ഡോ.ബൽറാം ഭാർഗവ അടുത്തിടെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രിയും പ്രതീക്ഷ പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

Read Also: കൊറോണ വെെറസ് രണ്ട് വർഷത്തിനുള്ളിൽ നിയന്ത്രണവിധേയമാകും: ലോകാരോഗ്യസംഘടന

അതേസമയം, ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിൽ വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിൻ ഇന്ത്യയിൽ മനുഷ്യരിൽ പരീക്ഷിക്കാൻ ആരംഭിച്ചത് ഏറെ പ്രതീക്ഷ നൽകുന്നു. രണ്ടും മൂന്നും ഘട്ട വാക്‌സിൻ പരീക്ഷണങ്ങൾ പൂനെ സെറം ഇൻസ്‌റ്റി‌റ്റ‌്യൂട്ടിൽ ആരംഭിച്ചതായി ഡയറക്‌ടർ പുരുഷോത്തമൻ സി.നമ്പ്യാർ പറഞ്ഞു. പരീക്ഷണം വിജയിച്ചാൽ വാക്‌സിൻ ഡിസംബറിൽ തന്നെ പുറത്തിറക്കാൻ സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1,500 പേരിലാണ് മൂന്നാം ഘട്ട പരീക്ഷണം നടത്തുക. രണ്ട് മാസം നീളുന്ന പരീക്ഷണത്തിനു ശേഷം വാക്‌സിൻ അനുമതിക്കായി കേന്ദ്ര സർക്കാരിനെ സമീപിക്കാനാണ് തീരുമാനം. ഉത്‌പാദനം തുടങ്ങിവയ്‌ക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ, വിൽക്കാനുള്ള അനുമതിയായിട്ടില്ല. എല്ലാ ഘട്ടവും പൂർത്തിയാക്കി അനുമതി ലഭിച്ച ശേഷമെ വിൽപ്പന തുടങ്ങാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook