/indian-express-malayalam/media/media_files/uploads/2018/03/sri-sri-ravi-ravishankar-1510941359.jpg)
ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ്- രാമക്ഷേത്ര ഭൂമി തര്‍ക്കവിഷയത്തിന് എരിവേകി ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസ്താവന. രാമക്ഷേത്ര പ്രശ്നം പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യ മറ്റൊരു സിറിയ ആയി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും പ്സിഡന്റ് ബഷര്‍ അല്‍ അസദും സഖ്യവും തമ്മിലുളള പോരാട്ടമാണ് സിറിയയില്‍ രക്തച്ചൊരിച്ചില്‍ നടത്തുന്നത്. കഴിഞ്ഞയാഴ്ച മാത്രം നാനൂറോളം പേരാണ് സിറിയയില്‍ കൊല്ലപ്പെട്ടത്. ആഭ്യന്തരയുദ്ധം എട്ടാം വര്‍ഷത്തിലേക്ക് കടന്നപ്പോള്‍ 4,50,000ത്തില്‍ അധികം പേരാണ് സിറിയയില്‍ കൊല്ലപ്പെട്ടത്. നിരവധി ആളുകള്‍ക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയും രാജ്യത്തിന്റെ പകുതി വരുന്ന ജനസംഖ്യയ്ക്ക് പാര്‍പ്പിടം നഷ്ടമാവുകയും ചെയ്തിട്ടുണ്ട്.
മുസ്ലിംങ്ങള്‍ അയോധ്യയ്ക്ക് മേലുളള അവകാശവാദം ഉപേക്ഷിക്കണമെന്ന് രവിശങ്കര്‍ പറഞ്ഞു. അയോധ്യ മുസ്ലിംങ്ങളുടെ വിശ്വാസത്തിന് വേണ്ടിയുളള സ്ഥലമല്ലെന്നും നല്ല രീതിയില്‍ പിന്‍വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'വളരെ നല്ല രീതിയില്‍ തന്നെ മുസ്ലിംങ്ങള്‍ അയോധ്യയ്ക്ക് മേലുളള അവകാശവാദം ഉപേക്ഷിക്കണം. അയോധ്യ എന്ന് പറയുന്നത് നിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാനുളള ഇടമല്ല. അത് മനസ്സിലാക്കി പെരുമാറണം. ഒരു തര്‍ക്കഭൂമിയില്‍ വച്ച് പ്രാര്‍ത്ഥിക്കാന്‍ ഇസ്ലാം അനുവാദം നല്‍കുന്നില്ല', രവിശങ്കര്‍ വ്യക്തമാക്കി.
ശ്രീരാമനെ മറ്റൊരു സ്ഥലത്ത് ജനിപ്പിക്കാന്‍ തങ്ങള്‍ക്ക് ഇപ്പോള്‍ സാധ്യമാകില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. മുഗള്‍ കാലത്ത് പണിത പളളി 1992 ഡിസംബര്‍ 6നാണ് ഹിന്ദു തീവ്ര സംഘങ്ങള്‍ പൊളിച്ചുമാറ്റിയത്. ഇവിടെ ആശുപത്രി പോലെയുളള സന്നദ്ധ കേന്ദ്രങ്ങള്‍ പണിയണമെന്ന നിര്‍ദേശത്തേയും രവിശങ്കര്‍ തളളിക്കളഞ്ഞു. രാമന്റെ ജന്മസ്ഥലമാണെന്ന് അവകാശപ്പെടുന്നിടത്ത് എങ്ങനെ ആശുപത്രി പണിയാന്‍ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു.
അയോധ്യ തര്‍ക്കം കോടതിക്ക് പുറത്ത് തീര്‍ക്കാനായി കഴിഞ്ഞ അഞ്ച് വര്‍ഷമായി രവിശങ്കര്‍ ശ്രമം നടത്തുന്നുണ്ട്. അയോധ്യ, ബെംഗളൂരു, ലക്‌നൗ, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയിടത്തെ 500ഓളം നേതാക്കളുമായി രവിശങ്കര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍ തന്റെ ശ്രമങ്ങളെ കുഴപ്പം ആഗ്രഹിക്കുന്ന ഒരുകൂട്ടം തകര്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എല്ലാ വിഭാഗവും കോടതി ഉത്തരവിനോട് അനുകൂലിക്കില്ലെന്നും രവിശങ്കര്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.