ന്യൂഡൽഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് ആവർത്തിച്ച് ധനമന്ത്രി നിർമല സീതാരാമൻ. വളർച്ചാ നിരക്ക് കുറവായിരിക്കാമെന്നും എന്നാൽ സാമ്പത്തിക മാന്ദ്യം രാജ്യത്തെ ബാധിച്ചിട്ടില്ലെന്നും അവർ രാജ്യസഭയിൽ വ്യക്തമാക്കി. ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന പ്രതിപക്ഷ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അവർ.
പരസ്പരം പഴിപറയുന്നതിന് പകരം സാമ്പത്തിക നില മെച്ചപ്പെടുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാമെന്നും നിർമല സീതാരാമൻ രാജ്യസഭയിൽ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് മൊത്ത ആഭ്യന്തര ഉത്പാദനം 6.4 ശതമാനമായിരുന്നു. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ഇത് 7.5 ശതമാനമായി. യഥാർത്ഥ്യം ഉൾക്കൊള്ളാൻ ഇപ്പോഴും പലർക്കും മടിയാണ്. സാമ്പത്തിക വളർച്ചയ്ക്ക് ഉണർവ് നൽകാൻ 32 നടപടികൾ സ്വീകരിച്ചുവെന്നും നിർമല സീതാരാമൻ പറഞ്ഞു.
ഇന്ത്യയില്‍ സാമ്പത്തികമാന്ദ്യമുണ്ടെന്ന തരത്തില്‍ ആശങ്ക പരത്തരുതെന്ന് രാജ്യസഭയില്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അല്‍ഫോൻസ് കണ്ണന്താനം എംപി അഭിപ്രായപ്പെട്ടു.