ന്യൂഡൽഹി∙ ഗോൾഡൻ ഗ്ലോബ്സ് മല്‍സരത്തിനിടെ പായ്‍വഞ്ചി തകർന്ന് അപകടത്തിൽപ്പെട്ടിട്ടും മനഃശ്ശക്തിയോടെ എല്ലാം നേരിട്ട മലയാളി നാവികസേന ഉദ്യോഗസ്ഥൻ അഭിലാഷ് ടോമിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഭിലാഷ് രാജ്യത്തെ യുവാക്കൾക്ക് മാതൃകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇത്രവലിയ ദുരന്തം നേരിട്ടിട്ടും അഭിലാഷ് കാണിച്ച മനഃശക്തി എല്ലാവർക്കും മാതൃകയാണ്. എങ്ങനെ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കുമെന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. ഫോണിൽ അഭിലാഷ് ടോമിയുമായി സംസാരിച്ചിരുന്നു. ഭക്ഷണമോ വെള്ളമോ ഇല്ലാതെയാണ് അഭിലാഷ് ടോമി ജീവനുവേണ്ടി പോരാടിയത്. അദ്ദേഹത്തെ സല്യൂട്ട് ചെയ്യുന്നു. രാജ്യത്തെ എല്ലാ യുവാക്കൾക്കും അഭിലാഷ് മാതൃകയും പ്രചോദനവുമാണ്’ -പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ ആത്മാഭിമാനവും പരമാധികാരവും അടിയറവുവെക്കുകയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ആത്മാഭിമാനം ബലികഴിക്കാതെ ലോകസമാധാനത്തിനായി കഴിയുന്നതെല്ലം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പാക്കിസ്ഥാനിൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയ ഇന്ത്യൻ സേനാ അംഗങ്ങളെ അഭിനന്ദിച്ച അദ്ദേഹം രാജ്യത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ആരു ശ്രമിച്ചാലും ശക്തമായി തിരിച്ചടിക്കുമെന്നും വ്യക്തമാക്കി.

“ഞങ്ങൾ സമാധാനത്തിൽ വിശ്വസിക്കുന്നവരാണ് രാജ്യത്തിന്റെ ആത്മാഭിമാനവും പരമാധികാരവും ബലികഴിക്കാതെ ലോകസമാധനത്തിനായി കഴിയുന്നതെല്ലം ചെയ്യും. ലോകസമാധാനത്തിൽ ഇന്ത്യക്കും ഉത്തരവാദിത്വമുണ്ട്. ഇരുപതാം നൂറ്റാണ്ട് കണ്ട രണ്ട് ലോക മഹായുദ്ധങ്ങളിലും ഇന്ത്യക്ക് യാതൊരു പങ്കുമുണ്ടായിരുന്നില്ല. എങ്കിലും ലക്ഷകണക്കിന് ഇന്ത്യൻ പട്ടാളക്കാർ സമാധാനത്തിന്റെ സന്ദേശവുമായി നിലകൊണ്ടു” പ്രധാനമന്ത്രി പറഞ്ഞു.

ഇന്നലെ യു എൻ ജനറൽ അസ്സംബ്ലിയിൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാക്കിസ്ഥാനെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്‍താവന. എന്തുകൊണ്ടാണ് പാക്കിസ്ഥാനുമായുള്ള ചർച്ചകൾ നിർത്തിവെച്ചത് എന്നും വ്യക്തമാക്കിയ സുഷമ കടുത്ത ഭഷയിലാണ് പാക്കിസ്ഥാനെ വിമർശിച്ചത്.

പതിറ്റാണ്ടുകളായി സമാധാനം നിലനിർത്തുന്നതിൽ ഇന്ത്യൻ സേന നിർണ്ണായക പങ്കാണ് വഹിക്കുന്നത്. മറ്റുള്ളവരുടെ ഭൂപ്രദേശങ്ങളിൽ ഇന്ത്യ ഒരിക്കലും കണ്ണ് വെച്ചട്ടില്ല. ഇത് തന്നെ ലോകസമാധാനം നിലനിർത്തുന്നതിൽ ഇന്ത്യയുടെ പ്രതിബദ്ധതയെയും സമർപ്പണത്തെയും വ്യക്തമാക്കുന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞവർഷം അതിർത്തിയിലുടനീളം നടത്തിയ മിന്നൽ ആക്രമണങ്ങൾ നടത്തിയ സേനയെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. ഓരോ ഇന്ത്യക്കാരനും അഭിമാനമാണ് ഇന്ത്യൻ സേന. ഇന്നലെ നൂറുകോടിയിലധികം വരുന്ന ഇന്ത്യക്കാർ സർജിക്കൽ സ്ട്രൈക്കിന്റെ വാർഷികം ആഘോഷിച്ചിരുന്നു. ഭീകരവാദത്തിന്റെ നിഴൽ യുദ്ധങ്ങൾക്ക് ഇന്ത്യൻ സേന നൽകിയ ശക്തമായ മറുപടിയായിരുന്നു 2016ലെ സർജിക്കൽ സ്ട്രൈക്ക്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook