പാരിസ്: യുനെസ്‌കോ ആസ്ഥാനത്ത് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം, കാലാവസ്ഥ വ്യതിയാനം, പുതിയ ഇന്ത്യ തുടങ്ങി നിരവധി വിഷയങ്ങളെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ബിസിനസ് ചെയ്യുന്നതിനും ജീവിക്കുന്നതിനും സുഖകരമായൊരു പുതിയ ഇന്ത്യയെ നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്ന് മോദി പറഞ്ഞു. ഒന്നര വര്‍ഷത്തിനുള്ളില്‍ കാലാവസ്ഥ വ്യതിയാനത്തില്‍ പുതിയ ലക്ഷ്യത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചും മോദി പരാമര്‍ശിച്ചു. ഇരുരാജ്യങ്ങള്‍ക്കിടയിലെ സൗഹൃദം സ്വാര്‍ത്ഥതയുടെ അടിത്തറയിലല്ല മറിച്ച് സ്വാതന്ത്ര്യം, സമത്യം, സാഹോദര്യം എന്നിവയെ അടിസ്ഥാനമാക്കിയാണെന്ന് മോദി പറഞ്ഞു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ലഭിച്ച ഭൂരിപക്ഷം രാജ്യം ഭരിക്കാന്‍ വേണ്ടി മാത്രമല്ലെന്നും പുതിയ ഇന്ത്യയെ നിര്‍മ്മിക്കാനാണെന്നും മോദി പറഞ്ഞു.

പുതിയ ഇന്ത്യയില്‍ അഴിമതിയേയും പാരമ്പര്യ രാഷ്ട്രീയത്തേയും ജനങ്ങളുടെ പണം കൊള്ളയടിക്കുന്നതിനേയും ഭീകരവാദത്തേയും നേരിടുന്നതിനില്‌‍ കാണിക്കുന്ന വേഗത മുമ്പൊരിക്കലുമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധികാരത്തിലെത്തി 75 ദിവസത്തിനകം തന്നെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ നടപ്പിലാക്കിയെന്നും മോദി പറഞ്ഞു.

”മുത്തലാഖ് മനുഷ്യത്വമില്ലായ്മയായിരുന്നു. ആയിരക്കണക്കിന് മുസ്ലീം സ്ത്രീകളുടെ തലയ്ക്ക് മുകളില്‍ വാളു പോലെ തൂങ്ങിക്കിടന്നിരുന്ന മുത്തലാഖ് ഞങ്ങള്‍ അവസാനിപ്പിച്ചു. നേരത്തെ അസാധ്യമെന്ന് കരുതിയിരുന്ന പല ലക്ഷ്യങ്ങളും ഞങ്ങള്‍ നേടി” മോദി പറഞ്ഞു.

ബിസിനസ്സ് എളുപ്പമാക്കുന്നതിലും നന്നായി ജീവിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുക. ടീം സ്പിരിറ്റോടു കൂടിയാണ് ഇന്ത്യയില്‍ നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. നേട്ടങ്ങള്‍ സ്വന്തമാക്കുന്നതും അതേ ടീം സ്പിരിറ്റോടെയാണ്. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപദ്ധതി ഇന്ത്യയിലാണ്. 2025 ഓടെ ഇന്ത്യ ടിബി മുക്തമാകും. അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ ഇന്ത്യ കാലാവസ്ഥാ വ്യതിയാന ലക്ഷ്യങ്ങള്‍ കൈവരിക്കും. സ്റ്റാര്‍ട് അപ്പുകളുടെ കാര്യത്തില്‍ ഇന്ത്യ മുന്‍പന്തിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook