ന്യൂഡൽഹി: കാർഷിക പരിഷ്കാരങ്ങൾക്കായി ഇന്ത്യ സ്വീകരിക്കുന്ന നടപടികളെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അംഗീകരിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യയിലെ കർഷക സമരം സംബന്ധിച്ച യുഎസിന്റെ അഭിപ്രായത്തോട് പ്രതികരിച്ചുകൊണ്ടുള്ള പ്രസ്താവനയിലാണ് മന്ത്രാലയം ഇക്കാര്യം പറഞ്ഞത്. ഏതൊരു പ്രതിഷേധത്തെയും “ഇന്ത്യയുടെ ജനാധിപത്യ ധാർമ്മികതയുടെയും രാഷ്ട്രീയം മനസ്സിലാക്കിയും പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള സർക്കാറിന്റെയും ബന്ധപ്പെട്ട കർഷക സംഘടനകളുടെയും നിരന്തരമായ ശ്രമങ്ങളുടെ  പശ്ചാത്തലത്തിലും” കാണേണ്ടതാണെന്ന് പ്രസ്താവനയിൽ പറയുന്നു.

Read More: ഗ്രേറ്റ തൻബർഗിനെതിരെ ഡൽഹി പൊലീസിന്റെ എഫ്ഐആർ; ഇപ്പോഴും കർഷക സമരത്തെ പിന്തുണയ്ക്കുന്നുവെന്ന് ഗ്രേറ്റ

ഇന്ത്യയും അമേരിക്കയും സമാന മൂല്യങ്ങങ്ങളുള്ള വൈവിധ്യമാർന്ന ജനാധിപത്യ രാജ്യങ്ങളാണെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ജനുവരി 26 ന് ചെങ്കോട്ടയിൽ നടന്ന അക്രമസംഭവങ്ങളും നശീകരണ പ്രവർത്തനങ്ങളും ഇന്ത്യയിൽ ക്യാപിറ്റോൾ ഹിൽ സംഭവത്തിന് സമാനമായ വികാരങ്ങളും പ്രതികരണങ്ങളുമാണ് ഉളവാക്കിയതെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു.

ഡൽഹി അതിർത്തിയിലെ പ്രതിഷേധ സ്ഥലങ്ങളിൽ ഇന്റർനെറ്റ് നിയന്ത്രണങ്ങൾ വരുത്തിയത് കൂടുതൽ അക്രമങ്ങൾ തടയുന്നതിനാണെന്നും സർക്കാർ പറയുന്നു.

കർഷക സമരവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ “ചർച്ചകളിലൂടെ” പരിഹരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പ്രസിഡന്റ് ജോസഫ് ബിഡന്റെ നേതൃത്വത്തിലുള്ള യുഎസ് ഭരണകൂടം അഭിപ്രായപ്പെട്ടിരുന്നു.

Read More: കർഷകർക്കു വേണ്ടി ശബ്ദമുയർത്തിയ റിഹാന ആരാണ്?

പ്രതിഷേധ സ്ഥലങ്ങളിലെ ഇന്റർനെറ്റ് നിയന്ത്രണങ്ങളെക്കുറിച്ചും യുഎസ് സർക്കാരിന്റെ പ്രസ്താവനയിൽ പരാമർശിച്ചിരുന്നു. “ഇൻറർനെറ്റ് ഉൾപ്പെടെയുള്ളവ തടസ്സമില്ലാത്ത ലഭ്യമാക്കേണ്ടത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനമാണെന്നും വളർന്നുവരുന്ന ജനാധിപത്യത്തിന്റെ മുഖമുദ്രയാണെന്നും” അംഗീകരിക്കുന്നുവെന്നാണ് യുഎസിന്റെ പ്രസ്താവനയിൽ പറയുന്നത്.

“വളർച്ച പ്രാപിക്കുന്ന ഏതൊരു ജനാധിപത്യ രാജ്യത്തിന്റെയും മുഖമുദ്രയാണ് സമാധാനപരമായ പ്രതിഷേധം നടത്താനുള്ള അവസരമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, ഇന്ത്യയുടെ സുപ്രീം കോടതിയും അക്കാര്യം പറഞ്ഞിട്ടുണ്ട്. അഭിപ്രായ ഭിന്നതകൾ ചർച്ചകളിലൂടെ പരിഹരിക്കുന്നതിനെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. പൊതുവേ, ഇന്ത്യയുടെ വിപണികളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സ്വകാര്യമേഖലയിൽ കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള നടപടികളെ അമേരിക്ക സ്വാഗതം ചെയ്യുന്നു,” എന്നും ന്യൂഡൽഹിയിലെ യുഎസ് എംബസി വക്താവ് വഴി യുഎസ് സർക്കാർ വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook