ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ തരംതാഴ്ത്താനുള്ള തീരുമാനത്തില്‍ ഖേദം അറിയിച്ച് ഇന്ത്യ. തീരുമാനം പാക്കിസ്ഥാന്‍ പുനപരിശോധിക്കണമെന്നും ഇന്ത്യ അറിയിച്ചു.

രാജ്യങ്ങള്‍ക്കിടയിലെ നയതന്ത്ര ബന്ധം സ്വാഭാവിക നിലയിലാക്കണമെന്നും ഇന്ത്യ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും എന്നാല്‍ ജമ്മു കശ്മീരിലെ വിഷയം പാക്കിസ്ഥാന്‍ നെഗറ്റീവായാണ് കരുതെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ലെന്നും ഇന്ത്യ.

ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷ്ണറെ കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ പുറത്താക്കിയിരുന്നു. പിന്നാലെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങളും റദ്ദാക്കുകയുണ്ടായിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയായിരുന്നു പാക്കിസ്ഥാന്റെ നടപടി. പാക് ഹൈക്കമ്മീഷ്ണറെ ഇന്ത്യയിലേക്ക് അയക്കില്ലെന്നും പാക്കിസ്ഥാന്‍ അറിയിച്ചിരുന്നു.

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസ്താവന വസ്തുതകളിലുടെ അടിത്തറ ഇല്ലാത്തതാണെന്നും ലോകത്തിന് മുമ്പില്‍ ഇന്ത്യ-പാക് ബന്ധത്തെ കുറിച്ച് തെറ്റായ സന്ദേശം നല്‍കാനാണ് ഉദ്ദേശമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പ്രത്യേക പദവി എടുത്ത് കളഞ്ഞത് കശ്മീരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടു വരാനാണെന്നും വിദേശകാര്യ മന്ത്രാലയം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook