ന്യൂഡൽഹി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് രാജ്യത്തേർപ്പെടുത്തിയ ലോക്ക്ഡൗണിൽ നിന്ന് രാജ്യം സാവധാനം പുറത്തേക്ക് കടക്കുകയാണ്. 70 ദിവസം നീണ്ട ലോക്ക്ഡൗണിൽ രാജ്യം നേരിട്ട പ്രധാന വെല്ലുവിളികളിൽ ഒന്ന് കുടിയേറ്റ തൊഴിലാളികളുടെ പലായനമായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജന്മനാട്ടിലേക്ക് മടങ്ങാൻ സാഹസമായ യാത്രകളാണ് പലരും നടത്തിയത്, ഇതിനിടയിൽ പലർക്കും ജീവൻ വരെ നഷ്ടമായി. ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വന്നതോടെ അവർ തിരിച്ച് തങ്ങളുടെ ജോലി മേഖലകളിലേക്ക് മടങ്ങിയെത്തുകയാണ്. അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിലും വലിയ വർധനവാണ് ഓരോ ദിവസവും രേഖപ്പെടുത്തുന്നത്.

അന്തർജില്ല, സംസ്ഥാന യാത്രകൾക്ക് പാസ് വേണ്ടെന്ന ഇളവ് നിലവിൽ വന്നതോടെയാണ് വീണ്ടും തൊഴിലാളികൾ മടങ്ങിയെത്തുന്നത്. ഇത് കൊറോണ വൈറസിന്റെ സമൂഹവ്യാപനമെന്ന ആശങ്ക വർധിപ്പിക്കുന്നുണ്ടെങ്കിലും അതിജീവനവും നിലനിൽപ്പും മാത്രമാണ് തൊഴിലാളികളുടെ തീരുമാനത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.

Also Read: എല്ലാം ഒഴിവാക്കി ജീവിക്കാനാവില്ലെന്നു മുഖ്യമന്ത്രി; അറിയാം ഇന്നത്തെ കോവിഡ് വാര്‍ത്തകള്‍

ഓഫീസുകൾ തുറക്കുന്നതിനും റസ്റ്ററന്റും ഹോട്ടലുകളും ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ തുറക്കുമ്പോഴും തൊഴിലാളികളും സ്ഥാപനവും പാലിക്കേണ്ട മാർഗനിർദേശങ്ങൾ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയിട്ടുണ്ടെങ്കിലും ദിവസവേതനത്തിന് പണിയെടുക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരയവർ ഇതിനെല്ലാം പുറത്താണ്. തൊഴിലുടമ ഏർപ്പാടാക്കിയ വാഹനങ്ങളിൽ തിരിച്ചെത്തിയപ്പോൾ മറ്റ് ചിലർ സ്വന്തമായി വാഹനസൗകര്യമുൾപ്പെടെ കണ്ടെത്തി.

വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് നിലവിൽ തൊഴിലാളികളുടെ മടക്കയാത്ര വ്യാപകമായിരിക്കുന്നത്. പഞ്ചാബ് നഗരമായ ബർനാലയിലെ വ്യവസായ കേന്ദ്രങ്ങളിലേക്കും സംസ്ഥാനത്തെ കൃഷിയിടങ്ങളിലേക്കും തൊഴിലാളികൾ മടങ്ങിയെത്തി തുടങ്ങി. ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളെയാണ് പ്രത്യേക ബസുകളിൽ മടക്കിയെത്തിക്കുന്നത്. ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന തങ്ങളുടെ അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കാൻ പ്രത്യേക അനുമതിയും കൂടുതൽ പണവും തൊഴിലുടമകൾ ചെലവഴിക്കുന്നുണ്ട്.

Also Read: പുതിയ പദ്ധതികൾ വേണ്ട; വിഭവങ്ങൾ വിവേകപൂർവ്വം ഉപയോഗിക്കണമെന്ന് മന്ത്രാലയങ്ങളോട് ധനമന്ത്രി

മധ്യപ്രദേശിലെ ജാബുവ ജില്ലയിൽ നിന്ന് മാത്രം 4500ലധികം തൊഴിലാളികൾ ഗുജറാത്തിലേക്ക് മടങ്ങിയെത്തിയതായാണ് കണക്കുകൾ പറയുന്നത്. ആദിവാസി മേഖലകളിൽ നിന്നാണ് കൂടുതൽ ആളുകളും മടങ്ങിയെത്തുന്നത്. ഗുജറാത്തിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്ത സൂറത്തടക്കം 14 ജില്ലകളിലേക്കാണ് ഇവരെത്തിയിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി പ്രകാരം സ്വന്തം നാട്ടിൽ തന്നെ ജോലി വാഗ്‌ദാനം ചെയ്തിരുന്നെങ്കിലും ഇവർ അത് ചെയ്യാൻ തയ്യാറല്ലായിരുന്നുവെന്ന് ജാബുവ ജില്ല കലക്ടർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ദിനംപ്രതി കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ മടക്കയാത്ര സർക്കാർ സംവിധാനങ്ങളെയും മുൻകരുതലുകളെയും തകിടംമറിക്കും. വിദേശങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും പെട്ടുപോയവരെ തിരിച്ചെത്തിക്കുന്ന നടപടി തുടരുന്നതിനിടയിൽ അതിഥി തൊഴിലാളികൾ കൂടി മടങ്ങിയെത്തിയാൽ കാര്യങ്ങൾ കൈവിട്ടുപോകാനുള്ള സാധ്യതയും കൂടുതലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook