ബാങ്കോക്ക്: തൊഴിലില്ലായ്മ രൂക്ഷമായ രാജ്യങ്ങളിൽ ഏഷ്യയിൽ ഇന്ത്യ ആദ്യ സ്ഥാനത്ത്. വളർച്ചാനിരക്കകുകളുടെയും നേട്ടങ്ങളുടെയും മേനിപറച്ചിലുകളുടെ പൊളളത്തരം വെളിവാക്കുന്നതാണ് ഈ​ പഠനം.  ഏറെ പഴികേട്ടിട്ടുളള​ തായ്‌ലൻഡ് തൊഴിൽ ലഭ്യതയുടെ കാര്യത്തിൽ  മികച്ച നേട്ടം കൈവരിച്ചപ്പോഴാണ് ഇന്ത്യ അതിരൂക്ഷമായ തൊഴിൽ നഷ്ടത്തിന്രെ കണക്കുകളിലേയ്ക്ക് താഴ്ന്നത്.

ലോകത്തിൽ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ തായ്‌ലൻഡ് ഇടം പിടിച്ചു. ബാങ്ക് ഓഫ് തായ്‌ലൻഡിന്റെ നേതൃത്വത്തിൽ നടന്ന സർവേയിലാണ് സമൂഹത്തിലെ ഗുണകരമായ മാറ്റം ശ്രദ്ധയിൽ പെട്ടത്. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ നിന്നുമാണ് ബാങ്ക് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചത്. റിയൽ എസ്റ്റേറ്റ് രംഗത്തും, മറ്റു റജിസ്റ്റർ ചെയ്യാത്ത തൊഴിൽ മേഖലയിലെയും സ്ഥിതിവിശേഷത്തെക്കുറിച്ചും കൂടുതൽ പഠിക്കാൻ സമൂഹ മാധ്യമങ്ങളും മറ്റു ഓൺലൈൻ തൊഴിൽ സൈറ്റുകളും കേന്ദ്രീകരിച്ചു വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമം അധികാരികൾ തുടങ്ങി കഴിഞ്ഞു.

തായ്‌ലൻഡ് സർക്കാർ നടത്തിയ പഠനത്തെ അടിസ്ഥാനപ്പെടുത്തി വാർത്ത ഏജൻസിയായ ബ്ലൂംസ് ബെർഗ് പുറത്തിറക്കിയ പട്ടികയിൽ, തൊഴിലില്ലായ്മ രൂക്ഷമായ ഏഷ്യൻ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്.

ഇന്ത്യയിൽ ഓരോ വർഷത്തിലും പത്തു ലക്ഷത്തിലധികം പേരാണ് തൊഴിലന്വേഷകരായി പുറത്തു വരുന്നത് മാത്രമല്ല ഇപ്പോൾ തൊഴിലെടുക്കുന്നവരിൽ 69 ശതമാനം പേരും ഓട്ടോമേഷൻ കാരണം തൊഴിൽ ഭീഷണി നേരിടുന്നവരാണ്. ഉത്പാദന മേഖലയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു മുപ്പതു ശതമാനം പേർക്കും തൊഴിൽ നഷ്ടം സംഭവിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.

താരതമ്യേന വളരെ കുറഞ്ഞ വാർഷിക വളർച്ചയും, സാമ്പത്തിക വളർച്ചയിൽ പുറകിലുള്ളതുമായ ഒരു രാജ്യത്തിലെ തൊഴിൽ മേഘലയിൽ കാണുന്ന ശുഭകരമായ മാറ്റത്തിന്റെ കാര്യ കാരണങ്ങൾ കണ്ടുപിടിക്കാൻ ഈ സമഗ്രമായ പഠനം ഉപകരിക്കുമെന്ന് പ്രതീക്ഷയിലാണ് അധികാരികൾ.

“തെളിവുകളെ അടിസ്ഥാനമാക്കിയുള്ള സമഗ്രമായ പഠനത്തിനാണ് ഞങ്ങൾ ശ്രമിക്കുന്നത്. എങ്കിൽ മാത്രമേ കൂടുതൽ മെച്ചപ്പെട്ട സാമ്പത്തിക നയ രൂപീകരണത്തിന് കളമൊരുങ്ങുകയുള്ളൂ ” എന്ന് തായ്‌ലൻഡ് സെൻട്രൽ ബാങ്ക് അസിസ്റ്റന്റ് ഗവർണർ ജാതുറോങ് ജൻതരങ്സ് പറഞ്ഞു. മാത്രമല്ല തൊഴിൽ മേഖല കടന്നു പോകുന്ന മാറ്റത്തിന്റെ ദിശ അറിയാനും, പുതിയ തരംഗങ്ങൾ തിരിച്ചറിയാനും ഇത് സഹായിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ