ലണ്ടന്‍ : ഇന്ത്യയില്‍ കടുത്ത പോഷകാഹാരക്കുറവുള്ളതായി ആഗോള പഠന റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പ്രത്യുൽപാദന പ്രായമെത്തിയ പകുതിയില്‍ കൂടുതല്‍ സ്ത്രീകള്‍ക്കും വിളര്‍ച്ചയാണെന്നു പറയുന്ന ‘ഗ്ലോബല്‍ ന്യൂട്രീഷന്‍ റിപ്പോര്‍ട്ട് 2017’ ഇന്നാണ് പുറത്തിറങ്ങിയത്. ഇന്ത്യയടക്കം 140 രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് പഠനം. ഇതില്‍ പോഷകാഹാരക്കുറവായി കണക്കാക്കപ്പെടുന്ന മൂന്ന് സൂചകങ്ങളിലും ഇന്ത്യ ഏറെ പിന്നോട്ടാണ്.
കുട്ടികളിലെ വളര്‍ച്ചാക്കുറവ്, പ്രത്യുത്പാദന പ്രായമെത്തിയ സ്ത്രീകളില്‍ കാണുന്ന വിളര്‍ച്ച, സ്ത്രീകളിലെ അമിതഭാരം എന്നിവയാണ് പോഷകാഹാരക്കുറവ് വിലയിരുത്തുന്ന മൂന്ന് സൂചകങ്ങള്‍. ഇന്ത്യയില്‍ അഞ്ചുവയസ്സിനു താഴെയുള്ളതായ 38 ശതമാനം കുട്ടികളിലും വളര്‍ച്ചാക്കുറവ് ഉള്ളതായും മസ്തിഷ്കശേഷിയ്ക്ക് സാരമായ കോട്ടം സംഭവിക്കുന്നതായുമാണ് പുതിയ കണക്കുകള്‍ പറയുന്നത്. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളില്‍ 21 ശതമാനം കുട്ടികളും അവരുടെ ഉയരത്തിനനുസരിച്ച് ഭാരമില്ലാത്തവരാണ് എന്നും കണക്കുകള്‍ പറയുന്നു.
പ്രത്യുത്പാദന പ്രായത്തിലുള്ള 51 ശതമാനം സ്ത്രീകള്‍ക്കും വിളര്‍ച്ചയുള്ളതായും കണക്കുകള്‍ പറയുന്നു. കുട്ടിയുടേയും അമ്മയുടേയും ആരോഗ്യത്തെ ഒരുപോലെ ബാധിക്കുന്നതാണ് ഈ നില. പ്രായപൂര്‍ത്തിയായവരില്‍ 22 ശതമാനത്തില്‍ കൂടുതല്‍പേര്‍ക്ക് അമിതഭാരമാണ് എന്നും പറയുന്നു.
അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളുടെ ഉയരത്തിന്‍റെ കാര്യത്തില്‍ അല്‍പമെങ്കിലും പുരോഗതി കൈവരിക്കാന്‍ രാജ്യത്തിനു സാധിച്ചിട്ടുണ്ട് എങ്കിലും. സ്ത്രീകളുടെ ആരോഗ്യത്തിന്‍റെ കാര്യത്തില്‍ രാജ്യത്തിന് ഒട്ടും തന്നെ പുരോഗതിയുണ്ടായിട്ടില്ല എന്നല്ല ദിനംപ്രതി മോശമാവുന്നതായും പഠനം വെളിപ്പെടുത്തുന്നു. ” പോഷകാഹാരക്കുറവിന്‍റെയും അമിതഭാരത്തിന്‍റെയും ഇരട്ടി ചുമടാണ് ഇന്ത്യയ്ക്കുമേലുള്ളത് എന്ന് ഗ്ലോബല്‍ ന്യൂട്രീഷന്‍ റിപ്പോര്‍ട്ട് പറയുന്നു. ഇതിനെ രണ്ടിനേയും പരിഹരിക്കുന്നതായിരിക്കണം ഇന്ത്യയുടെ ദേശീയ പോഷകാഹാര തന്ത്രം” ഗ്ലോബല്‍ ന്യൂട്രീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പൂര്‍ണിമാ മേനോന്‍ പറഞ്ഞു.
ലോകത്തെ 88 ശതമാനം രാഷ്ട്രങ്ങളും പോഷകാഹാരക്കുറവിലെ രണ്ടോ മൂന്നോ സൂചകങ്ങളില്‍ പിന്നോട്ടാണ് എന്ന് പഠനം വ്യക്തമാക്കുന്നുണ്ട്. ഒരുവിധം എല്ലാ രാജ്യത്തും അമിതഭാരമുള്ളവരുടെ എണ്ണം കൂടുന്നതായി പറയുന്ന റിപ്പോര്‍ട്ടില്‍, ലോകജനസംഖ്യയായ ഏഴു ദശലക്ഷത്തില്‍ രണ്ടു ദശലക്ഷം പേര്‍ ഇത്തരത്തില്‍ അമിതഭാരമുള്ളവരാണ് എന്ന് പ്രതിപാദിക്കുന്നു.
ഇന്ത്യയില്‍ 16 ശതമാനം പുരുഷന്മാരും 22 ശതമാനം സ്ത്രീകളും അമിതഭാരമുള്ളവരാണ്.