ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം മെച്ചപ്പെടുത്തുന്നതിനുള്ള കരാരിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മറിയുടെയും വിദേശ വ്യാപാര സഹമന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദിയുടെയും നേതൃത്വത്തിലുള്ള യുഎഇ പ്രതിനിധി സംഘവുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) ഒപ്പുവച്ചത്.
സിഇപിഎയിൽ ഡിജിറ്റൽ വ്യാപാരവുമായി ബന്ധപ്പെട്ട ഘടകവും ഉൾപ്പെടുന്നു. ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള ഇത്തരത്തിലുള്ള ആദ്യ ഉടമ്പടിയാണിതെന്ന് ഉദ്യോഗസ്ഥർ വിശേഷിപ്പിക്കുന്നു.
യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയും രണ്ടാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥാനവുമാണ്. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2020-21ൽ 43.3 ബില്യൺ ഡോളറാണ്. കയറ്റുമതി 16.7 ബില്യൺ ഡോളറായിരുന്നു. എണ്ണയെ അടിസ്ഥാനമാക്കിയുള്ള ഇറക്കുമതി 2020-21 ൽ 26.7 ബില്യൺ ഡോളറിലെത്തി.
അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം 115 ബില്യൺ ഡോളറിലേക്ക് എത്തിക്കാനാണ് ഇന്ത്യ-യുഎഇ സിഇപിഎ ലക്ഷ്യമിടുന്നതെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞിരുന്നു. കഴിഞ്ഞ സെപ്തംബറിൽ ഇരുപക്ഷവും കരാറിനായി ഔദ്യോഗികമായി ചർച്ചകൾ ആരംഭിച്ചപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.