ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം ഞായറാഴ്ച രാത്രി 9 മണിക്ക് രാജ്യത്ത് ഒൻപത് മിനിറ്റ് ‘ലൈറ്റ് ഓഫ്’ ക്യാമ്പൈന്‍ നടന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള നാടിന്റെ ‘കൂട്ടായ ദൃഡനിശ്ചയം’ പ്രദര്‍ശിപ്പിക്കാനാണ്  ഒമ്പത് മിനിറ്റു നേരത്തേക്ക് ലൈറ്റുകൾ കെടുത്തി ദീപം തെളിയിക്കാന്‍ നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്.

എല്ലാ സംസ്ഥാനങ്ങളിലേയും ജനങ്ങൾ ഈ ഐക്യ ദീപത്തിൽ പങ്കാളികളായി. രാഷ്ട്രീയ നേതാക്കളും മന്ത്രിമാരുമെല്ലാം ദീപം തെളിയിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ജനതാ കര്‍ഫ്യൂ, ലോക്ക്ഡൗണ്‍ നടപടികളുടെ തുടര്‍ച്ചയെന്ന നിലയിലാണ് ഐക്യദീപം തെളിക്കല്‍ ആശയം പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്. ലോക്ക്ഡൗണിന്റെ ഒമ്പതാം ദിവസമായ വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യവേ ആയിരുന്നു ഇത്.

ഐക്യദീപം തെളിക്കുമ്പോള്‍ ആരും വീടിന് പുറത്തിറങ്ങുകേയാ കൂട്ടംകൂടുകയോ ചെയ്യരുതെന്നും. സാമൂഹിക അകലം പാലിക്കലിന്റെ ‘ലക്ഷ്മണരേഖ’ ആരും മറികടക്കരുതെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. പകരം വീടിന്റെ വാതില്‍ക്കലോ ബാല്‍ക്കണിയിലോ ചെരാതുകള്‍, മെഴുകുതിരി, മൊബൈല്‍ ഫോണ്‍ വെളിച്ചം, ടോര്‍ച്ച് എന്നിവ തെളിച്ച് കൊറോണയുടെ അന്ധകാരത്തെ അകറ്റാനായിരുന്നു നിര്‍ദേശം.

അതേസമയം, പെട്ടെന്ന് വൈദ്യുതി നിർത്തുന്നതിന്റെ ആഘാതം മൂലം ഉണ്ടാകുന്ന പ്രതിസന്ധി ഒഴിവാക്കുന്നതിനായി രാജ്യത്തുടനീളമുള്ള ഗ്രിഡ് ഓപ്പറേറ്റർമാർ വിപുലമായ ആകസ്മിക നടപടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook