ബി.സി.ഇ 2-1 നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ആനക്കൊമ്പില്‍ തീര്‍ത്ത ചന്ദ്ര ഭഗവാന്റെ ശില്‍പം, എട്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച കല്ലില്‍ കൊത്തിയ കാമദേവന്റെ രൂപം, 1760 ല്‍ മഷിയും വാട്ടര്‍ കളറും ഉപയോഗിച്ച് വരച്ച മഹിഷാസുര മര്‍ദ്ദിനി രൂപം, 1775ലോ 80 ലോ ചെമ്മണ്ണിലും പേപ്പറിൽ വാട്ടർ കളർ ഉപയോഗിച്ച് (Wash on Paper) വരച്ച രാമനും ലക്ഷ്മണനും. ഇതെല്ലാം ന്യൂയോര്‍ക്കിലെ മെട്രൊപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടിലെ സമാഹാരത്തിലുണ്ട്. ഇവയ്‌ക്കെല്ലാം പൊതുവായുള്ള പ്രത്യേകത , ഇതെല്ലാം ഇന്ത്യയില്‍ തടവുകാരനായി കഴിയുന്ന ഒരു 73 കാരനുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള 77 പുരാവസ്തുക്കള്‍, അതില്‍ 59 പെയിന്റിങുകള്‍ എന്നിവ തമിഴ്‌നാട്ടില്‍ 10 വര്‍ഷത്തെ തടവ് അനുഭവിക്കുന്ന സുഭാഷ് കപൂറുമായി ബന്ധപ്പെട്ടതാണെന്ന് ഇന്ത്യൻ എക്സ്‌പ്രസും ഇൻറർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്സസും യു.കെ. കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫിനാൻസ് അണ്‍കവേഡും ചേർന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. പുരാവസ്തുക്കള്‍ കടത്തിയ കേസിലാണ് സുഭാഷ് കപൂറെന്ന 73കാരന്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നത്.
മ്യൂസിയത്തിലെ ഓരോ വസ്തുക്കളും എവിടെ നിന്ന് എങ്ങനെ അവിടേക്ക് എത്തിച്ചേര്‍ന്നുവെന്ന് കാറ്റലോഗില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതിൽ പറയുന്ന 77 പുരാവസ്തുക്കളിലും കപൂര്‍ സംഭാവന ചെയ്തുവെന്നോ, അല്ലെങ്കില്‍ കപൂറില്‍ നിന്ന് ഏറ്റെടുത്തുവെന്നോ, മറ്റ് ചിലതില്‍ അദ്ദേഹത്തിന്റെ സഹായിയാരുന്ന ഡോറിസ് വെയ്‌നറുടേതെന്നോ, അവരുടെ മകള്‍ നാന്‍സിയുടെതെന്നോ അതുമല്ലെങ്കില്‍ മന്‍ഹട്ടലിലെ കപൂറിന്റെ ‘Art of the Past’ (എ ഓ പി) എന്ന ഗാലറിയില്‍ നിന്നോ എത്തിച്ചുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാന്‍സി വെയ്നറെ യുഎസ് ശിക്ഷിച്ചിരുന്നു.
നഷ്ടപ്പെട്ടുപോയ പൈതൃക വസ്തുക്കള്‍ വിദേശത്ത് നിന്ന് തിരികെയെത്തിക്കാന്‍ ഉന്നതതല ഇടപെടലുകള്‍ നടക്കുന്ന കാലമായത് കൊണ്ട് തന്നെ ഈ കണ്ടത്തലുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ നാല് മില്യണ്‍ ഡോളര്‍ (40 ലക്ഷം) മൂല്യമുള്ള 307 പുരാവസ്തുക്കള്‍ ഇന്ത്യയ്ക്ക് കൈമാറുമെന്ന് മന്‍ഹട്ടന്‍ ജില്ലാ അറ്റോണി പ്രഖ്യാപിച്ചിരുന്നു.
അക്കൂട്ടത്തില്‍ മെറ്റ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന കപൂറിന്റെ ചില പുരാവസ്തുക്കളും ഉള്‍പ്പെടുന്നു. അവ.
- ഭാര്യയും തോഴിയുമായി (സഹായിയുമായി) രഥത്തില്‍ ഇരിക്കുന്ന ചന്ദ്ര ദേവന്‍ ( 2-1 ബിസി യില്‍ പശ്ചിമ ബംഗാളിൽ സൃഷ്ടിച്ചതെന്ന് കരുതുന്നു) ആനക്കൊമ്പില്‍ തീര്‍ത്തത് , സുംഗന്മാരുടെ കാലത്തേതെന്ന് കരുതുന്നു.
- കാമദേവൻ, സ്‌നേഹത്തിന്റെ ദേവന്‍ ( ജമ്മു കശ്മീര്‍, എട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ നിര്‍മിക്കപ്പെട്ടത്. മാധ്യമം: കല്ല് . മധ്യകാലത്തിന്റെ തുടക്കത്തില്‍ കശ്മീരില്‍ നിര്‍മിക്കപ്പെട്ടതില്‍ അപൂര്‍വമായ, ശേഷിച്ചിരിക്കുന്ന ശില്‍പമെന്ന് മെറ്റ് വിവരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
- നായാട്ടിന് ശേഷം മടങ്ങുന്ന രേവന്ത ദേവന്‍ (കര്‍ണാടകയില്‍ നിന്നോ, ആന്ധ്ര പ്രദേശില്‍ നിന്നോ ഉള്ളത്, 10-ാം നൂറ്റാണ്ട്) മാധ്യമം: വെങ്കലം , ചാലൂക്യന്‍മാരുടെ അവസാന കാലം.
- വിശുദ്ധനായ കുട്ടി സംബാന്‍ദര്‍ (തമിഴ്‌നാട്, 11-ാം നൂറ്റാണ്ടിന്റെ അവസാനം. മാധ്യമം: ചെമ്പ് മിശ്രിതം, ചോള കാലഘട്ടം (880-1279)
. - ദന്ത ദേവനും നിക്ശുഭ ദേവിയും (സൂര്യ ദേവന്റെ സഹായികളായിരുന്നു ഇരുവരും), 11-ാം നൂറ്റാണ്ട്. മാധ്യമം : സ്റ്റാൻഡ് സ്റ്റോൺ- ഇതിന്റെ മറ്റ് വിവരങ്ങള്‍ മെറ്റ് രേഖപ്പെടുത്തിയിട്ടില്ല.
ഈ 59 പെയിന്റിങ്ങുകളിൽ ഇനി പറയുന്നവ ഉൾപ്പെടുന്നു.
- ദുര്‍ഗാ ദേവി കാളയുടെ രൂപം പൂണ്ട രാക്ഷസനെ കൊല്ലുന്നത് (മഹിഷാസുര മര്‍ദ്ദിനി), 1760, രാജസ്ഥാനിലെ മേവാറില്‍ നിന്നം. മാധ്യമം: മഷി, സുതാര്യവും അതാര്യവുമായ വാട്ടര്‍ കളര്‍, പേപ്പറില്‍. മേവാര്‍ കൊട്ടാരത്തിലും അയല്‍ നാടുകളിലെയും ചിത്രപ്പണിക്കാരില്‍ നിന്നും ഇതേ പെയിന്റിങുകള്‍ കണ്ടെത്തിയിരുന്നുവെന്ന് മെറ്റ് വിവരണത്തില്‍ ചേര്‍ത്തിരിക്കുന്നു.
- സന്യാസിവര്യന്റെ പര്‍ണശാലയിലെത്തിയ രാമനും ലക്ഷ്മണനും. 1775-80, പഹാടി ഹില്‍സ്, ഗുലേര്‍ അല്ലെങ്കില്‍ കാംഗ്ര, മാധ്യമം: ചെമ്മണ്ണും Wash on Paper ചിത്രത്തിലെ ദ്രുതഗതിയിലുള്ള ആംഗ്യനിലവാരം, പഞ്ചാബി കുന്നുകളിലെ സിയു കുടുംബത്തിലെ, പ്രശസ്ത ചിത്രകാരനായിരുന്ന നൈന്‍സുഖി(1735-78)യുടെ സ്കൂളിൽപ്പെട്ട ചിത്രകാരന്‍മാരുടേതുമായി വളരെ സാമ്യമുള്ളതാണ്.
- യമുനാനദിയില്‍ കൃഷ്ണന്‍, കാളിയനെ കീഴ്‌പ്പെടുത്തുന്ന ദൃശ്യം: ഭഗവത്ഗീത പുരാണ സീരിസില്‍ നിന്നുള്ളത്. പഹാടി ഹില്‍സ്, ഗുലേര്‍ അല്ലെങ്കില്‍ കംഗ്രാ. മാധ്യമം: മഷിയും Wash on Paper, നൈന്‍സുഖിന്റെ അനുയായി(1735-78)കളിലാരോ വരച്ചെതെന്ന് കരുതപ്പെടുന്നുവന്ന് മെറ്റ് രേഖപ്പെടുത്തിയിരിക്കുന്നു.
ഈ 59 പെയിന്റിങുകളില്‍ 55 ഉം മെറ്റിന് സംഭാവന ചെയ്തയാളുടെ വിവരങ്ങളില്‍ വളരെയേറെ സാമ്യമുണ്ട്. ‘ പര്‍ശോത്തം റാം കപൂര്‍, ജലന്ധര്‍ ആൻഡ് ന്യൂഡല്‍ഹി, ഇന്ത്യ; സുഭാഷ് കപൂര്‍ , ന്യൂയോര്‍ക്ക് (2008) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മറ്റ് മൂന്ന് ചിത്രങ്ങളുടെ ഉറവിടവും സമാനമാണ്: “കപൂർ ക്യൂരിയോസ്, ജലന്ധർ, ഇന്ത്യ, 1962ൽ; സുഭാഷ് കപൂർ, ന്യൂയോർക്ക് (2008 വരെ; സംഭാവനയായി നൽകിയത്).” ശേഷിക്കുന്ന ചിത്രത്തെക്കുറിച്ച്, അത് ഇങ്ങനെ പറയുന്നു: “സുഭാഷ് കപൂർ, ന്യൂയോർക്ക് (1996ൽ; സംഭാവന നൽകി).” ജലന്ധർ സ്വദേശിയായ പരേതനായ പർഷോതം രാം കപൂറാണ് സുഭാഷ് കപൂറിന്റെ പിതാവെന്ന് ഇന്ത്യൻ എക്സ്‌പ്രസ്സ് കോടതി രേഖകള്‍ അടിസ്ഥാനമാക്കി സ്ഥിരീകരിച്ചിട്ടുണ്ട്. മെറ്റ് കാറ്റലോഗ് പ്രകാരം ഈ പെയിന്റിങ്ങുകൾ കൂടുതലും ഇപ്പോൾ ഹിമാചൽ പ്രദേശിലും രാജസ്ഥാനിലും ഉള്ള പ്രദേശങ്ങളിൽ നിന്നുള്ളവയാണ്.
ഇന്ത്യയിൽ, “100 വർഷത്തിൽ കുറയാത്ത പഴക്കമുള്ളവ” – കൈയെഴുത്തുപ്രതികളെ സംബന്ധിച്ച് 75 വർഷം- പുരാവസ്തുക്കളായി കണക്കാക്കുന്നു. 1970-ലെ യുനെസ്‌കോ കൺവെൻഷനെ തുടർന്ന് ആഗോളതലത്തിൽ മ്യൂസിയങ്ങൾക്കായി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ പറയുന്നു: “വാങ്ങലിലൂടെയോ സംഭാവനയിലൂടെയോ മറ്റേതെങ്കിലും മാർഗത്തിലൂടെയോ ഒരു വസ്തു ഏറ്റെടുക്കുമ്പോൾ, മ്യൂസിയങ്ങൾ വസ്തുവിന്റെ ചരിത്രവും തെളിവും പരിശോധിക്കുന്നതിൽ ജാഗ്രത പുലർത്തണം. ഒരു മ്യൂസിയം ഒരു വസ്തു ഏറ്റെടുക്കുകയാണെങ്കിൽ, ആ വസ്തു നിയമപരമായി ലഭിച്ചതാണോ, നിയമപരമായി കയറ്റുമതി ചെയ്തതാണോ കൂടാതെ/അല്ലെങ്കിൽ ഇറക്കുമതി ചെയ്തതാണോ എന്ന് മ്യൂസിയം പരിശോധിക്കണം.
ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ വെച്ച് 2011 ഒക്ടോബർ 30 നാണ് സുഭാഷ് കപൂറിനെ അറസ്റ്റ് ചെയ്തത്. 2012 ജൂലൈയിൽ ഇന്ത്യയിലേക്ക് കൈമാറുകയും ചെയ്തു. കാഞ്ചീപുരത്തെ വരദരാജ പെരുമാൾ ക്ഷേത്രത്തിലെ വിഗ്രഹ മോഷണ കേസിൽ 2022 നവംബർ ഒന്നിന് തമിഴ്‌നാട്ടിലെ കുംഭകോണത്തെ ഒരു കോടതി 10 വർഷം തടവിന് വിധിക്കുകയും ചെയ്തു. . സുഭാഷ് കപൂർ ഇപ്പോൾ ട്രിച്ചി സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്.
ഏഷ്യയിൽ നിന്ന് വിഗ്രഹങ്ങളും പുരാവസ്തുക്കളും കടത്തിയതിന് കപൂറിനെതിരെ യുഎസിലും കേസുണ്ട്. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ പ്രധാന അന്വേഷണ വിഭാഗമായ ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ (എച്ച്‌എസ്‌ഐ) ന്യൂയോർക്ക് കോടതിയിൽ 2019 ജൂലൈയിൽ സമർപ്പിച്ച ഒരു പരാതി പ്രകാരം, “കപൂർ മോഷ്ടിച്ച് കടത്തിയെന്ന് കണക്കാക്കുന്ന പുരാവസ്തുക്കളുടെ ആകെ മൂല്യം 145.71 ദശലക്ഷം ഡോളറിന് മുകളിലാണ്. “
എച്ച്എസ്ഐയുടെ പരാതി പ്രകാരം, കപൂറുമായി ബന്ധപ്പെട്ട് 143 മില്യൺ ഡോളർ (ഏകദേശം 1,165 കോടി രൂപ) വിലമതിക്കുന്ന 2,622 പുരാവസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. പുരാവസ്തുക്കൾ തിരഞ്ഞെടുത്ത് ആദ്യം അവ യുഎസിലേക്കോ യുകെയിലേക്കോ നിയമവിരുദ്ധമായി കയറ്റുമതി ചെയ്യുക, അവ “വ്യാജമായ” രേഖകൾ ഉപയോഗിച്ച് “നിയമപരമാക്കുകയും” തിരികെ ലോകമെമ്പാടുമുള്ള മ്യൂസിയങ്ങൾക്കും ഡീലർമാർക്കും പുരാവസ്തുക്കൾ ശേഖരിക്കുന്നവർക്കും” എ ഓ പിയിലൂടെ വിൽക്കുന്നതാണ് സുഭാഷ് കപൂർ അനുവർത്തിച്ചിരുന്ന പ്രവർത്തന രീതിയിലെന്ന് എച്ച് എസ് ഐ പറയുന്നു.
“നടന്നുകൊണ്ടിരിക്കുന്ന/ പൂർത്തിയാകാത്തതോ ആയ അന്വേഷണങ്ങളെ കുറിച്ച് സ്ഥിരീകരിക്കുകയോ അല്ലെങ്കിൽ അഭിപ്രായം പറയുകയോ ചെയ്യുന്നില്ല” എന്നായിരുന്നു എച്ച്‌എസ്‌ഐയുമാ ബന്ധപ്പെട്ടപ്പോൾ ദി ഇന്ത്യൻ എക്‌സ്‌പ്രസ്സിന് ലഭിച്ച മറുപടി “വിദേശ ഗവൺമെന്റുകളുമായി ചേർന്ന് അവരുടെ, കൊള്ളയടിക്കപ്പെട്ട സാംസ്‌കാരിക പൈതൃക വസ്തുക്കളം മോഷ്ടിക്കപ്പെട്ട കലാസൃഷ്ടികളും തിരികെ നൽകുന്നതിന് ഏജൻസി പ്രവർത്തിക്കുകയാണ്. ”. എന്നും വ്യക്തമാക്കി.
“കലയുടെ ഉത്തരവാദിത്തപൂർണ്ണമായ ശേഖരണത്തിന് മെറ്റ് പ്രതിജ്ഞാബദ്ധമാണ്, കൂടാതെ സമാഹരിക്കുന്നതിൽ ഉൾപ്പെടുന്ന എല്ലാ സൃഷ്ടികളും ഏറ്റെടുക്കുന്ന സമയത്ത് എല്ലാ നിയമങ്ങളും നയങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വളരെയധികം ശ്രദ്ധിക്കുന്നുണ്ടെന്നും ഇന്ത്യൻ എക്‌സ്‌പ്രസ്സിന്റെ ചോദ്യങ്ങൾക്ക് മറുപടിയായി മെറ്റ് പറഞ്ഞു. കൂടാതെ, ഇവ ശേഖരിക്കുന്നതിനുള്ള നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും മാറിയതിനാൽ, മ്യൂസിയത്തിന്റെ നയങ്ങളും നടപടിക്രമങ്ങളും കാലാനുസൃതമായി മാറി. ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ സഹപ്രവർത്തകരുമായി സഹകരിച്ച് – ശേഖരിച്ചിട്ടുള്ള സൃഷ്ടികളുടെ ചരിത്രത്തെക്കുറിച്ച് മെറ്റ് തുടർച്ചയായി ഗവേഷണം നടത്തുന്നു, കൂടാതെ പുതിയ അറിവുകൾ ഉചിതമായ രീതിയിൽ ഉപയോഗിക്കുന്നതിൽ ദീർഘകാലത്തെ കാര്യനിർവഹണ നൈപുണ്യവുമുണ്ട്.
മെറ്റ് ഇന്ത്യയിലേക്ക് പുരാവസ്തുക്കൾ തിരികെ നൽകിയിട്ടുണ്ട്, കുറഞ്ഞത് മൂന്ന് സംഭവങ്ങളെങ്കിലും പാർലമെന്റ് രേഖകളിലുണ്ട്. 2021 മാർച്ച് എട്ടിന്, ഉത്തരാഖണ്ഡിൽ നിന്നുള്ള “ദുർഗ്ഗ മഹിഷാസുരമർദിനി” ശിൽപങ്ങളും 2018-ൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള “ബോധിസത്വന്റെ മുഖം” തിരികെ ലഭിചിട്ടുണ്ടെന്ന് സർക്കാർ ലോകസഭയെ അറിയിച്ചിട്ടുണ്ട്. നേരത്തെ, 2016 ഏപ്രിൽ 25 ന്, ബിഹാറിലെ ബോധ്ഗയയിൽ നിന്നുള്ള “ബുദ്ധന്റെ ചിത്രം” 1999 ൽ “നഷ്ടപരിഹാരം ഒന്നും വാങ്ങാതെ മ്യൂസിയം സ്വമേധയാ തിരികെ നൽകിയതായി” സർക്കാർ ലോകസഭയെ അറിയിച്ചിരുന്നു.
“മെറ്റ് ഇതിനകം തന്നെ അഞ്ച് പുരാവസ്തുക്കളെങ്കിലും ഇന്ത്യയ്ക്കും മറ്റ് പല രാജ്യങ്ങൾക്കും അവയുടെ തെളിവുകൾക്കായുള്ള ഗവേഷണം പരാജയപ്പെട്ടപ്പോൾ തിരികെ നൽകിയിട്ടുണ്ടെന്ന് വിദേശത്തുനിന്നുള്ള പുരാവസ്തുക്കൾ തിരികെ കൊണ്ടുവരുന്നതിനായി പ്രവർത്തിക്കുന്ന എൻജിഒയായ ‘ഇന്ത്യ പ്രൈഡ് പ്രോജക്‌ടി’ലെ എസ് വിജയ് കുമാർ പറയുന്നു. മികച്ച സൃഷ്ടി ഒരു മോഷ്ടാവിന് കടത്തനാകില്ലെന്നും അതിനാൽ ഇന്ത്യ മോഷണം അല്ലെങ്കിൽ നിയമവിരുദ്ധമായ കടത്ത് തെളിയിക്കണമെന്നും നിയമം പറയുന്നു.
“ഞങ്ങൾ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ ഒരു അപ്പീൽ സമർപ്പിച്ചിരുന്നു, അത് ഫെബ്രുവരി 15 ന് തഞ്ചാവൂരിലെ സെഷൻസ് കോടതിയിലേക്ക് മാറ്റിയതായി കപൂറിന്റെ അഭിഭാഷകയായ എസ് നദിയ പറഞ്ഞു. മെറ്റുമായുള്ള ബന്ധത്തെക്കുറിച്ചും ഇന്ത്യയിലെ അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചും ചോദ്യത്തിനായിരുന്നു ഈ മറുപടി. മറ്റുചോദ്യങ്ങൾക്കൊന്നും അഭിഭാഷക മറുപടി നൽകിയില്ല.
കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തോടും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോ (എഎസ്‌ഐ)ടും ഈ കണ്ടെത്തലുകളെ കുറിച്ചും ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികളെ കുറിച്ചും ആരാഞ്ഞ് ഇന്ത്യൻ എക്‌സ്‌പ്രസ് അയച്ചു നൽകിയ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. 1972-ലെ ആൻറിക്വിറ്റീസ് ആൻഡ് ആർട്ട് ട്രഷർ ആക്ട് അനുസരിച്ച്: “… കേന്ദ്ര സർക്കാരോ കേന്ദ്രസർക്കാർ അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും അതോറിറ്റിയോ ഏജൻസിയോ അല്ലാതെ ഏതെങ്കിലും വ്യക്തിക്ക് ഏതെങ്കിലും പുരാവസ്തുവോ കല രൂപമോ കയറ്റുമതി ചെയ്യുന്നതിന് നിയമപരമായി സാധിക്കുകയില്ല.”
അന്താരാഷ്ട്ര കള്ളക്കടത്തുകാരിൽ നിന്ന് കൊള്ളയടിച്ച പുരാവസ്തുക്കൾ കടത്തിക്കൊണ്ടുപോയി നിയമവിരുദ്ധമായി വിറ്റ് ദശലക്ഷക്കണക്കിന് ഡോളർ നേടിയതുമായി ബന്ധപ്പെട്ട് ന്യൂയോർക്കിലെ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് സമർപ്പിച്ച റിപ്പോർട്ടിൽ കപൂറിന്റെ പേര് സൂചിപ്പിച്ചിട്ടുള്ളതായി യുഎസ് ഫിനാൻഷ്യൽ ക്രൈംസ് എൻഫോഴ്‌സ്‌മെന്റ് നെറ്റ്‌വർക്കിൽ നിന്നുള്ള 2020 സെപ്തംബർ 23-ലെ ഡാറ്റയുടെ അടിസ്ഥാനമാക്കി ഇന്ത്യൻ എക്‌സ്‌പ്രസ് അന്വേഷണത്തിൽ കണ്ടെത്തി.