ന്യൂഡല്‍ഹി: ലോകത്ത് സര്‍ക്കാരില്‍ ആത്മവിശ്വാസമുളള ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉളള രാജ്യം ഇന്ത്യയാണെന്ന് റിപ്പോര്‍ട്ട്. ഒഇസിഡി (ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോപ്പറേഷന്‍ ആന്റ് ഡെവലപ്മെന്റ്)യെ ഉദ്ദരിച്ച് ഫോബ്സ് മാഗസിനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 73 ശതമാനം ഇന്ത്യക്കാരാണ് മോദി സര്‍ക്കാരില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ത്രൂഡോയുടെ ഭരണത്തിനാണ് രണ്ടാം സ്ഥാനം. 62 ശതമാനം ജനങ്ങളാണ് ത്രൂഡോയുടെ ഭരണത്തില്‍ വിശ്വാസം വെച്ചു പുലര്‍ത്തുന്നത്. 2016ല്‍ പട്ടാള അട്ടിമറി ശ്രമം പാളിപ്പോയ തുര്‍ക്കിയാണ് മൂന്നാം സ്ഥാനത്തുളളത്. 58 ശതമാനം പൗരന്മാരും എരദോഗന്‍ സര്‍ക്കാരിനെ വിശ്വസിക്കുന്നു. റഷ്യയും ജര്‍മ്മനിയും പിന്നാലെയുണ്ട്.

അതേസമയം അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് നയിക്കുന്ന സര്‍ക്കാരിനെ 30 ശതമാനം ജനങ്ങള്‍ മാത്രമാണ് വിശ്വസിക്കുന്നത്. ബ്രിട്ടനെ നയിക്കുന്ന തെരേസ മെയ് ഗവണ്‍മെന്റിനെ 41 ശതമാനം ജനങ്ങളാണ് വിശ്വസിക്കുന്നത്. പ്രസിഡന്റ് പാര്‍ക്ക് യൂന്‍ ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണകൊറിയന്‍ സര്‍ക്കാരിനെ 25 ശതമാനം ജനങ്ങള്‍ മാത്രമാണ് വിശ്വസിക്കുന്നത്.

ജനങ്ങളെ സേവിക്കുക, സംരക്ഷിക്കുക, വിശ്വാസം പുലര്‍ത്തുക, സ്ഥിരത പുലര്‍ത്തുക എന്നീ ഘടകങ്ങളെ അനുസരിച്ചാണ് സര്‍ക്കാരിനു മേലുളള ജനങ്ങളുടെ ആത്മവിശ്വാസത്തെ കണക്കാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ