ന്യൂഡല്‍ഹി: കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവച്ച ഷെഡ്യൂള്‍ ചെയ്ത രാജ്യാന്തര വിമാന സര്‍വിസുകള്‍ ഡിസംബര്‍ 15 മുതല്‍ പുനരാരംഭിക്കാന്‍ ഇന്ത്യ. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ആഭ്യന്തര, വിദേശകാര്യ, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയങ്ങളുമായി ആലോചിച്ച് ഷെഡ്യൂള്‍ ചെയ്ത രാജ്യാന്തര വാണിജ്യ യാത്രാ വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുന്ന കാര്യം പരിശോധിച്ചതായി വ്യോമയാന മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
”ഇന്ത്യയിലേക്കും പുറത്തേക്കും ഷെഡ്യൂള്‍ ചെയ്ത രാജ്യാന്തര വാണിജ്യ യാത്രാ സര്‍വീസുകള്‍ പുനരാരംഭിക്കുന്ന കാര്യം ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവയുമായി കൂടിയാലോചിച്ച് പരിശോധിച്ചു. സര്‍വിസുകള്‍ ഡിസംബര്‍ 15 മുതല്‍ പുനരാരംഭിച്ചേക്കാം,” പ്രസ്താവനയില്‍ പറയുന്നു.
‘ഈ വര്‍ഷം അവസാനത്തോടെ’ രാജ്യാന്തര വിമാന പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രാജീവ് ബന്‍സാല്‍ പറഞ്ഞ് രണ്ടു ദിവസത്തിന് ശേഷമാണു വ്യോമയാന മന്ത്രാലയത്തിന്റെ പ്രഖ്യാപനം.
Also Read: ഇരട്ടത്താപ്പ് ഉപേക്ഷിക്കുക, മുംബൈ ആക്രമണ വിചാരണ വേഗത്തിലാക്കണം; പാകിസ്ഥാനോട് ഇന്ത്യ
കോവിഡ് -19 മഹാമാരിയുടെ സാഹചര്യത്തില്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23 മുതലാണ് ഷെഡ്യൂള്‍ ചെയ്ത രാജ്യാന്തര വിമാന സര്‍വിസുകള്‍ നിര്‍ത്തിവച്ചത്. ഡെസ്റ്റിനേഷന്‍ രാജ്യങ്ങളുമായുള്ള എയര്‍ ബബിള്‍ ക്രമീകരണം പ്രകാരമുള്ള നിശ്ചിത കാര്‍ഗോ, വാണിജ്യ വിമാനങ്ങളെ ഒഴിവാക്കിക്കൊണ്ട് സര്‍വിസ് റദ്ദാക്കല്‍ നവംബര്‍ 30 വരെ നീട്ടുകയായിരുന്നു.
28 രാജ്യങ്ങളുമായുണ്ടാക്കിയ എയര്‍ ബബിള്‍ ക്രമീകരണങ്ങള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ പ്രത്യേക രാജ്യാന്തര യാത്രാ വിമാന സര്‍വിസുകള്‍ നടത്തുന്നുണ്ട്.
പ്രതിരോധ കുത്തിവയ്പിന്റെ മുഴുവന്‍ ഡോസുമെടുത്ത വിദേശ വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കുമെന്ന് ഒക്ടോബറില്‍ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഷെഡ്യൂള്‍ ചെയ്ത വാണിജ്യ വിമാനങ്ങളില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവരോട് നവംബര്‍ 15 വരെ കാത്തിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഒഴികെയുള്ളവയില്‍ ഇന്ത്യയിലേക്കു പ്രവേശിക്കുന്ന വിദേശ വിനോദസഞ്ചാരികള്‍ക്കു നവംബര്‍ 15 മുതല്‍ പുതിയ ടൂറിസ്റ്റ് വിസയില്‍ മാത്രമേ അത് സാധ്യമാകൂയെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.