ന്യൂഡല്‍ഹി: രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കുന്നതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. 25 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. 27 മുതല്‍ വിമാന സര്‍വീസുകള്‍ കോവിഡ് കാലത്തിന് മുന്‍പുള്ള നിലയിലേക്ക് തിരിച്ചെത്തും.
നിലവില്‍ എയര്‍ ബബിള്‍ ക്രമീകരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്താരാഷ്ട്ര വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നത്. പുതിയ തീരുമാനത്തോടെ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് എത്തും. ഇതോടെ വിമാന ടിക്കറ്റ് നിരക്കും കുറയാനുള്ള സാധ്യതകളുണ്ട്.
ആഗോളതലത്തില്‍ വാക്സിസിനേഷന്റെ അളവ് വര്‍ധിച്ച സാഹചര്യത്തിലും പങ്കാളികളുമായുള്ള ചര്‍ച്ചകള്‍ക്കും ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയതെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നെങ്കിലും ഒമിക്രോണ്‍ സാഹചര്യത്തില്‍ ഒഴിവാക്കുകയായിരുന്നു. പിന്നീട് ഫെബ്രുവരി 28 വരെ വീലക്ക് തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
2020 മാർച്ച് 23 മുതലായിരുന്നു ഇന്ത്യയിൽ അന്താരാഷ്‌ട്ര പാസഞ്ചർ വിമാനങ്ങളുടെ സര്‍വീസ് താൽക്കാലികമായി നിർത്തിവച്ചിരുന്നത്. പിന്നീട് ജൂലൈ മുതല്‍ 40 രാജ്യങ്ങളിലേക്ക് പ്രത്യേക സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ എയര്‍ ബബിള്‍ ക്രമീകരണത്തിന്റെ കീഴിലായിരുന്നു പ്രവര്‍ത്തനം.
Also Read: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തില്‍ വര്‍ധന; 1,791 പേര്‍ക്ക് രോഗം