ന്യൂഡൽഹി:പതിനായിരം കോടി രൂപ നിക്ഷേപിച്ച് ആഴക്കടൽ പര്യവേഷണത്തിന് ഇന്ത്യയുടെ സ്വപ്നപദ്ധതി. ഈ വർഷം അവസാനത്തോടെ  പര്യവേഷണം ആരംഭിക്കാനാവുമെന്നാണ് കരുതുന്നത് . ആഴക്കടൽ ധാതു സമ്പത്ത് കണ്ടെത്താനും അതുവഴി  ഖനനം ചെയ്യാനുമാണ് ഈ  പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ  ഉദ്ധരിച്ച് പി ടി ഐ​ റിപ്പോർട്ട് ചെയ്യുന്നു.

വിവിധ മന്ത്രാലയങ്ങൾ സംയുക്തമായിട്ടായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്ന്  ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറി മാധവൻ നായർ രാജീവൻ പറഞ്ഞു. “ഈ വർഷാവസാനം പദ്ധതി ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്” അദ്ദേഹം പറഞ്ഞു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട മന്ത്രിസഭയുടെ കുറിപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.  പര്യവേഷണവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളുമായി സാങ്കേതിക ബന്ധങ്ങളുണ്ടാക്കുന്നതിന് ഇന്ത്യയ്ക്ക് തുറന്ന് സമീപനമാണുളളതെന്ന് അദ്ദേഹം വ്യക്തമാക്കി.

വളരെ ഉത്തരവാദിത്ത്വത്തോടെയായിരിക്കും ആഴക്കടലിലെ സമ്പത്തിനെ ഉപയോഗപ്പെടുത്തുക. രാജ്യത്തിന്റെ വളർച്ചയും സുരക്ഷയും മുന്നിൽക്കണ്ടാണ് ഈ പ്രവർത്തനം. ആഴക്കടൽ മത്സ്യബന്ധനം ഉൾപ്പടെയുളള കാര്യങ്ങൾക്ക് ഇത് സഹായകരമാകുമെന്നും രാജീവൻ അഭിപ്രായപ്പെട്ടു.

ചെന്നൈ നഗരത്തിലെ കുടിവെളള​ പ്രശ്നം പരിഹരിക്കാനായി കടൽവെളള ശുദ്ധീകരണത്തിനായുളള രണ്ടായിരം കോടി രൂപയുടെ പദ്ധതിയും ഈ​ ദൗത്യത്തിന്റെ ഭാഗമായി ഏറ്റെടുക്കും.

ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ചുറ്റിക്കിടക്കുന്ന സമുദ്രത്തിൽ 1300 ലധികം ദ്വീപുകളുണ്ടെന്നാണ് അനുമാനം. 7500 കിലോമീറ്റർ ദൈർഘ്യമുള്ള തീരപ്രദേശമാണ് ഇന്ത്യയുടേത്. 2.4 ദശലക്ഷം കിലോമീറ്റർ ചുറ്റളവിൽ സ്വന്തം സാമ്പത്തിക മേഖലയും സമുദ്രത്തിൽ ഇന്ത്യയ്ക്കുണ്ട്. ഊർജ്ജം, ഭക്ഷണം, വൈദ്യശാസ്ത്രം എന്നീ രംഗങ്ങളിൽ മികച്ച അവസരമാണ് ഇതിലൂടെ ഇന്ത്യ പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ മഹാസമുദ്രത്തിലും പസഫിക് മഹാ സമുദ്രത്തിലും ധാതു സമ്പത്ത് ശേഖരിക്കുന്നതിനായുള്ള പദ്ധതികൾ ഇപ്പോൾ തന്നെ ചൈന ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ