/indian-express-malayalam/media/media_files/uploads/2021/10/Airport.jpg)
ന്യൂഡല്‍ഹി: യാത്രാനിബന്ധന വിഷയത്തിൽ ബ്രിട്ടന് അതേ നാണയത്തിൽ തിരിച്ചടി നല്‍കുന്ന തീരുമാനവുമായി ഇന്ത്യ. യുകെയില്‍നിന്ന് എത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് സമാന നിബന്ധനകൾ ഏര്‍പ്പെടുത്താന്‍ ഇന്ത്യ തീരുമാനിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
യുകെയില്‍നിന്ന് എത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാരും 10 ദിവസത്തെ ഹോം ക്വാറന്റൈൻ നിര്‍ബന്ധമാക്കി. ഇക്കാര്യത്തില്‍ വാക്‌സിനേഷന്‍ സ്ഥിതി പരിഗണിക്കില്ല.
കൂടാതെ യാത്രയ്ക്ക് 72 മണിക്കൂറിനു മുന്‍പും ഇന്ത്യയിലെ വിമാനത്താവളത്തില്‍ എത്തിയ ഉടനെയും തുടര്‍ന്ന് എട്ടാം ദിവസവും കോവിഡ് -19 ആര്‍ടി-പിസിആര്‍ ടെസ്റ്റിനു വിധേയമാകണം. പുതിയ നിയന്ത്രണങ്ങള്‍ നാലിനു പ്രാബല്യത്തില്‍ വരും. യുകെയില്‍നിന്ന് വരുന്ന എല്ലാ യുകെ പൗരന്മാര്‍ക്കും ഇത് ബാധകമാണ്.
അംഗീകൃത വാക്‌സിന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ യുകെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും മരുന്നു കമ്പനിയായ അസ്ട്രസെനെക്കയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന്റെ ഇന്ത്യന്‍ വകഭേദമായ കോവിഷീല്‍ഡിെന്റെ രണ്ടു ഡോസ് എടുത്തവരെ പോലും ബ്രിട്ടന്‍ വാക്‌സിനെടുക്കാത്തവര്‍ (അണ്‍ വാക്‌സിനേറ്റഡ്) ആയാണു കണക്കാക്കി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.
ഇന്ത്യയിൽനിന്ന് പുറപ്പെടുന്നതിനു മുൻപ് ആർടി-പിസിആർ ടെസ്റ്റ്, ബ്രിട്ടനിൽ എത്തിച്ചേർന്ന് രണ്ടാം ദിവസവും എട്ടാം ദിവസവും ആർടി-പിസിആർ ടെസ്റ്റുകൾ, 10 ദിവസത്തെ ക്വാറന്റൈൻ എന്നിവയാണ് ബ്രിട്ടൻ ഏർപ്പെടുത്തിയ പുതിയ യാത്രാനിബന്ധനകൾ. നിർബന്ധമാണെന്നാണ് നിബന്ധന. ഇവ നാലു മുതൽ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിലാണ് അന്നു തന്നെ ഇന്ത്യയും സമാന നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്.
കോവിഷീല്‍ഡിനു യുകെ അംഗീകാരം നല്‍കാത്തതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തുടർന്ന് കോവിഷീൽഡ് അംഗീകൃത വാക്സിനാണെന്നും എന്നാൽ ഇന്ത്യയുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിലാണ് പ്രശനമെന്നും ബ്രിട്ടൻ നിലപാടെടുത്തു. അതിനാൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ “വാക്സിൻ എടുക്കാത്തവർ” ആയി പരിഗണിക്കുന്നത് തുടരും എന്നാണ് പറഞ്ഞിരുന്നത്.
Also Read: കോവിഷീൽഡ് അല്ല, വാക്സിൻ സർട്ടിഫിക്കറ്റാണ് പ്രശ്‌നമെന്ന് ബ്രിട്ടൻ; കാരണം പറഞ്ഞില്ലെന്ന് സർക്കാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.