കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ 14 ആഴ്ചകളിലായി തുടരുന്ന പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നടത്തിയ അഞ്ചാം വട്ട കോര്‍പ്‌സ് കമാന്‍ഡര്‍ തല സൈനിക ചര്‍ച്ച പരാജയപ്പെട്ടു. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നും ഇന്ത്യ കൂടുതല്‍ പിന്‍വാങ്ങണമെന്ന് ചൈന ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയമായത്. ചൈനയുടെ ആവശ്യം ന്യായീകരിക്കാന്‍ ആകില്ലെന്ന് അധികൃതര്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ചര്‍ച്ചകള്‍ നടന്ന് രണ്ട് ദിവസങ്ങള്‍ക്കുശേഷം ചേര്‍ന്ന ചൈന പഠന സംഘം (സി എസ് ജി) ചൈനയുടെ നിര്‍ദ്ദേശം പരിശോധിക്കുകയും പാന്‍ഗോംഗ് മേഖലയില്‍ നിന്നും പരസ്പരവും തുല്യവുമായ പിന്‍വാങ്ങള്‍ ഇന്ത്യയ്ക്ക് അംഗീകരിക്കാന്‍ ആകില്ലെന്ന് തീരുമാനിച്ചു.
ലഡാക്കിലെ സൈനികരെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. അതിര്‍ത്തിയില്‍ ദീര്‍ഘ കാലം തങ്ങാനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ശീതകാലത്ത് അധികമായി 35,000 സൈനികര്‍ക്ക് കൂടെ തങ്ങാനുള്ള സൗകര്യങ്ങളും ഇതില്‍പ്പെടും.
പാന്‍ഗോംഗ് തടാക മേഖലയായിരുന്നു അഞ്ചാം വട്ട ചര്‍ച്ചയിലെ മുഖ്യവിഷയം. എന്നാല്‍, ഇന്ത്യന്‍ സൈനികരും തുല്യ ദൂരത്തിലേക്ക് പിന്‍വാങ്ങാതെ ചൈന കൂടുതല്‍ പിന്‍വാങ്ങലിന് തയ്യാറായില്ല. പിന്‍വാങ്ങുന്നത് ദീര്‍ഘകാലമായി തടാക തീരത്തെ ഇന്ത്യന്‍ പോസ്റ്റുകളെ ഉപേക്ഷിക്കുന്നതിനും മേഖലയില്‍ നിയന്ത്രണരേഖയെക്കുറിച്ചുള്ള ചൈനയുടെ നിലപാടിനെ അംഗീകരിക്കുന്നതിനും തുല്യമാണെന്ന് അധികൃതര്‍ പറഞ്ഞു.
Read Also: അതിരൂക്ഷം കോവിഡ് വ്യാപനം; 24 മണിക്കൂറിനിടെ 56,282 രോഗികൾ
അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗമായ മോള്‍ഡോയില്‍ ഞായറാഴ്ച നടന്ന ചര്‍ച്ച 10 മണിക്കൂറുകളോളം നീണ്ടു. എന്നാല്‍, മുന്‍ ചര്‍ച്ചകളില്‍ നിന്നും വിപരീതമായി സൈന്യമോ വിദേശ കാര്യ മന്ത്രാലയമോ പ്രസ്താവനകള്‍ ഇറക്കിയില്ല. പ്രത്യേക പ്രതിനിധികളോ നയതന്ത്രതലത്തിേലാ ഉള്ള ചര്‍ച്ചകള്‍ നടത്തി തര്‍ക്കം പരിഹാര ശ്രമം തുടരുമെന്ന് ഒരു മുതിര്‍ന്ന ഓഫീസര്‍ പറഞ്ഞു.
വളരെ തന്ത്രപ്രധാനമായ സ്ഥലമാണ് ഡെസ്പാങ്. കാരണം, ഈ പ്രദേശം സമതലമാണ്. കൂടാതെ, കാറക്കോറം ചുരത്തിന് സമീത്തെ ദൗലത്ത് ബെഗ് ഓള്‍ഡി എയര്‍സ്ട്രിപിന് അടുത്തുമാണ്.
Read in English: India to China: Proposal to step back further is untenable, not acceptable