ടെക്‌സസ്: മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം ദുരൂഹമായി കണ്ടെത്തിയ കേസില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കിയിട്ടുള്ള ഇന്ത്യന്‍ ഓവര്‍സീസ് (ഓസിഐ) കാര്‍ഡ് ഇന്ത്യ പിന്‍വലിച്ചു.

ഷെറിന്റെ മാതാപിതാക്കളായ വെസ്‌ലി മാത്യു, സിനി മാത്യൂസ്, ഇവരുടെ അടുത്ത ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കുന്നതിനുള്ള ഒസിഐ കാര്‍ഡ് റദ്ദാക്കിയതായി ഹൂസ്റ്റണിലെ ഇന്ത്യന്‍ കോൺസല്‍ ജനറല്‍ അനുപം റായി പറഞ്ഞു. കേസില്‍ ഇന്ത്യയുടെ പൊതുജനാഭിപ്രായം ഇവര്‍ക്കെതിരായ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും കോൺസല്‍ ജനറല്‍ അറിയിച്ചു.

ഷെറിന്റെ കുടുംബ സുഹൃത്തുക്കളായ മനോജ് എന്‍.എബ്രഹാം, നിസ്സി ടി.എബ്രഹാം എന്നിവര്‍ക്കാണ് ഒസിഐ കാര്‍ഡ് റദ്ദാക്കുന്നതിനുള്ള നോട്ടീസ് ആദ്യം ലഭിച്ചത്. ഈ നടപടിക്കെതിരെ ഇരുവരും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വെസ്‌ലിയുടെ മാതാപിതാക്കളുടെ ഒസിഐ കാര്‍ഡും റദ്ദാക്കിയിട്ടുണ്ട്.

‘കുഞ്ഞു ഷെറിനെ ഇന്ത്യ മറന്നിട്ടില്ല. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി മാത്യൂസിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പേരുകള്‍ ബ്ലാക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കൗണ്‍സില്‍ ശുപാര്‍ശ ചെയ്യും,’ അനുപം റായ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷെറിന്റെ മരണവുമായി ബന്ധപ്പെട്ട് ഹൂസ്റ്റണില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ കൊലപാതകത്തിനു മുമ്പും ശേഷവും മനോജ് എബ്രഹാമും നിസ്സി എബ്രഹാമും കുട്ടിയുടെ ദത്ത് മാതാപിതാക്കളായ സിനിയോടും വെസ്‌ലിയോടും അടുത്തിടപഴകിയിരുന്നുവെന്നും അനുപം റായ് പറഞ്ഞു. കേസുമായി മനോജ് എബ്രഹാം സഹകരിച്ചിരുന്നുവെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സാധിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണു വടക്കന്‍ ടെക്‌സസിലെ റിച്ചാര്‍ഡ്‌സണിലെ വീട്ടില്‍ നിന്നു ഷെറിനെ കാണാതായത്. രണ്ടാഴ്ച നീണ്ട അന്വേഷണത്തിന് ഒടുവില്‍ വീടിന് സമീപത്തെ കലുങ്കിന് അടിയില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. പാല്‍ കുടിക്കാന്‍ ഷെറിന്‍ വിസമ്മതിച്ചപ്പോള്‍ നിര്‍ബന്ധിച്ച് കുടിപ്പിച്ചെന്നും ഈ സമയത്ത് ശ്വാസംമുട്ടി കുട്ടി അബോധാവസ്ഥയിലായെന്നുമാണ് വെസ്‌ലി മൊഴി നല്‍കിയത്. മരിച്ചെന്ന് കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ഇദ്ദേഹം പൊലീസിനെ അറിയിച്ചത്.

നിര്‍ബന്ധിച്ചിട്ടും പാല് കുടിക്കാതിരുന്നതിനെ തുടര്‍ന്ന് വീടിന് പുറത്ത് നിര്‍ത്തിയ കുട്ടിയെ പിന്നീട് കാാണാതായെന്നായിരുന്നു ഇവര്‍ ആദ്യം നല്‍കിയ പരാതി. വെസ്‌ലിയെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. പിന്നീടാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. രണ്ടു വര്‍ഷം മുന്‍പാണ് ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്ന് ഷെറിനെ ഇവര്‍ ദത്തെടുത്തത്. കുട്ടിക്കു കാഴ്ചക്കുറവും സംസാര വൈകല്യവുമുണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook